ലണ്ടന്‍: ഏകദിന ലോകകപ്പില്‍ ഇതിനകം മൂന്ന് മത്സരങ്ങളാണ് മഴമൂലം ഉപേക്ഷിച്ചത്. ഇന്ന് നടക്കേണ്ടിയിരുന്ന ബംഗ്ലാദേശ്- ശ്രീലങ്ക മത്സരമാണ് ടോസ് പോലും ഇടാനാകാതെ ഒടുവില്‍ ഉപേക്ഷിച്ചത്. മഴ താറുമാറാക്കിയ ലോകകപ്പ് ഉപേക്ഷിച്ച മത്സരങ്ങളുടെ എണ്ണംകൊണ്ട് ഇതിനകം റെക്കോര്‍ഡിട്ടുകഴിഞ്ഞു.

ചരിത്രത്തില്‍ ഇതുവരെ ഒരു ക്രിക്കറ്റ് ലോകകപ്പിലും മൂന്ന് മത്സരങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല. ഓസ്‌ട്രേലിയയിലും ന്യൂസീലന്‍ഡിലും നടന്ന 1992 ലോകകപ്പിലും 2003ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലും രണ്ട് മത്സരങ്ങള്‍ വീതം ഉപേക്ഷിച്ചിരുന്നു. ഈ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരമാണ് മഴമൂലം ഉപേക്ഷിക്കുന്നത്. ഇന്നലെ(തിങ്കളാഴ്‌ച) വെസ്റ്റ് ഇന്‍ഡീസ്- ദക്ഷിണാഫ്രിക്ക മത്സരം എട്ട് ഓവര്‍ എറിഞ്ഞ ശേഷം വേണ്ടെന്നുവെച്ചിരുന്നു. ലങ്കയുടെ തന്നെ പാക്കിസ്ഥാനെതിരായ മത്സരവും മഴമൂലം നേരത്തെ ഉപേക്ഷിച്ചു.

ബുധനാഴ്‌ച നടക്കുന്ന പാക്കിസ്താന്‍- ഓസ്‌ട്രേലിയ മത്സരത്തിനും മഴയുടെ ഭീഷണിയുണ്ട്. എന്നാല്‍ ലോകകപ്പില്‍ റൗണ്ട് റോബിന്‍ സ്റ്റേജ് മത്സരങ്ങള്‍ക്കായി റിസര്‍വ് ദിനങ്ങള്‍ മാച്ചിവെച്ചിട്ടില്ല എന്നത് ശ്രദ്ധേയാണ്. മത്സരങ്ങള്‍ മഴമൂലം ഉപേക്ഷിക്കുന്നത് പോയിന്‍റ് പട്ടികയില്‍ ടീമുകള്‍ക്ക് വലിയ ട്വിസ്റ്റ് നല്‍കാനിടയുണ്ട്.