ലാഹോര്‍: 'ഞങ്ങള്‍ക്ക് കാശ്മീര്‍ വേണ്ട പകരം കോലിയെ തരൂ...' ഇത്തരത്തില്‍ എഴുതിയ ഒരു ബാനര്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ലോകകപ്പ് മത്സരത്തിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അത് വാര്‍ത്തയാവുകയും ചെയ്തു. എന്നാല്‍ ചിത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. വാര്‍ത്ത വ്യാജമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചിത്രം പാക്കിസ്ഥാനില്‍ നിന്നുള്ളതാണെന്ന തരത്തിലായിരുന്നു പ്രചാരണം. എന്നാല്‍, തങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണമെന്ന് മുദ്രാവാക്യവുമായി ബാനര്‍ ഉയര്‍ത്തി നില്‍ക്കുന്ന കാശ്മീരികളാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

പാക്കിസ്ഥാനിലെ കോലി ആരാധകര്‍ നേരത്തെയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇക്കാര്യം മുന്‍ പാക് താരം യൂനിസ് ഖാന്‍ തന്നെ വ്യക്തമാക്കിയതാണ്. പാക്കിസ്ഥാനികള്‍ കോലിയെ ആരാധിക്കുന്നു. താരങ്ങളാവട്ടെ കോലിയെ പോലെ കളിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെന്നാണ് അന്ന് യൂനിസ് ഖാന്‍ പറഞ്ഞത്. പാക്കിസ്ഥാന്‍ നഗരമായ ലാഹോറില്‍ നിന്നുള്ള ചില ചിത്രങ്ങളും കോലിയോടുളള ആരാധന വ്യക്തമാക്കുന്നു.

ഒരു പാക്കിസ്ഥാന്‍ ക്രിക്കറ്റ് ആരാധകന്‍ ബൈക്കില്‍ വിരാട് കോലിയുടെ പേരെഴുതിയ ജേഴ്സിയണിഞ്ഞ് ബൈക്കില്‍ യാത്ര ചെയ്യുന്നതാണ് ചിത്രം. പാക്കിസ്ഥാന്റെ ലോകകപ്പ് ജേഴ്സിയാണ് ആരാധകന്‍ ധരിച്ചിരിക്കുന്നത്. ചിത്രം പലരും ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. ഒരു താരമെന്ന രീതിയില്‍ കോലിയെ അംഗീകരിക്കുന്നവരാണ് പാക്കിസ്ഥാനികള്‍ എന്ന് തെളിയിക്കുന്നതാണ് ലാഹോറില്‍ നിന്നുള്ള ചിത്രങ്ങള്‍. അതിനിടെയാണ് ഇത്തരത്തില്‍ വ്യാജ ചിത്രങ്ങളും വാര്‍ത്തകളും പ്രചരിക്കുന്നത്.