ലണ്ടന്‍: ഏകദിന ലോകകപ്പ് നിലനിര്‍ത്താനാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. ആരോണ്‍ ഫിഞ്ചും സംഘവും കപ്പുയര്‍ത്താന്‍ തക്ക കരുത്തുള്ളവരാണെന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തം. ഓസ്‌ട്രേലിയന്‍ സ്‌പിന്‍ മാന്ത്രികന്‍ ഷെയ്‌ന്‍ വോണ്‍ പറയുന്നത് ലോകകപ്പിലെ ഫേവറേറ്റുകള്‍ മറ്റ് രണ്ട് ടീമുകള്‍ ആണ് എന്നാണ്. എന്നാല്‍ അവരെ മറികടന്ന് ഓസ്‌ട്രേലിയ കപ്പുയര്‍ത്തുമെന്നും വോണ്‍ വ്യക്തമാക്കി. 

ആതിഥേയരായ ഇംഗ്ലണ്ടും രണ്ട് തവണ ചാമ്പ്യന്‍മാരായ ഇന്ത്യയുമാണ് ലോകകപ്പ് ഫേവറേറ്റുകളെന്ന് വോണ്‍. "ഇംഗ്ലണ്ടും ഇന്ത്യയുമാണ് സമീപകാലത്ത് ഏറ്റവും മികച്ച പ്രകടനം നടത്തിയവര്‍. എന്നാല്‍ ലോകകപ്പുകളില്‍ ഓസ്‌ട്രേലിയുടെ പ്രകടനം നിരീക്ഷിച്ചാല്‍, അവസാന ആറില്‍ നാല് തവണ കപ്പും ഉയര്‍ത്തി. ഏറ്റവും ഉയര്‍ന്ന വേദിയിലെ അവരുടെ പ്രകടനം നല്‍കുന്ന സൂചന ഇത്തവണയും കപ്പുയര്‍ത്തും എന്ന് തന്നെയാണ്. അതിനാല്‍ ലോകകപ്പ് ഓസ്‌ട്രേലിയ നേടുമെന്നും" വോണ്‍ പറഞ്ഞു. 


 
ഓസ്‌ട്രേലിയയുടെ പ്രകടനത്തില്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്‍റെ പ്രകടനം നിര്‍ണായകമാകുമെന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു. "സ്‌മിത്ത് വമ്പന്‍ താരമാണ്. കഴിഞ്ഞ മാര്‍ച്ചിലെ റാങ്കിംഗ് നോക്കിയാല്‍ ആരൊക്കെയായിരുന്നു ലോകത്തെ മികച്ച ബാറ്റ്സ്‌മാന്‍മാര്‍. വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, സ്റ്റീവ് സ്‌മിത്ത്, ഡേവിഡ് വാര്‍ണര്‍, കെയ്‌ന്‍ വില്യംസണ്‍. ലോകത്തെ മികച്ച രണ്ട് താരങ്ങളുടെ അസാന്നിധ്യം ഓസ‌ട്രേലിയയ്‌ക്ക് കനത്ത നഷ്ടമായിരുന്നു.

എല്ലാവരും ഓസ്‌ട്രേലിയയെ എഴുതിത്തള്ളിയിരുന്നു. സാധാരണ‍വും 12 മാസക്കാലം മോശം ക്രിക്കറ്റ് കളിച്ചതുമാണ് കാരണം. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഏകദിന ടീം തിരിച്ചുവന്നിരിക്കുന്നു. കഴിഞ്ഞകാല ഓസ്‌ട്രേലിയന്‍ സംഘങ്ങളെ പോലെ ഏത് മണ്ണിലും ജയിക്കാന്‍ പ്രാപ്‌തരായിരിക്കുന്നതായും" വോണ്‍ പറഞ്ഞു. ഇന്ത്യക്കും പാക്കിസ്ഥാനുമെതിരെ ഏകദിന പരമ്പര നേടിയ ശേഷം ന്യുസീലന്‍ഡ് ഇലവനെതിരെ അനൗദ്യോഗിക മത്സരങ്ങള്‍ വിജയിച്ചാണ് ഓസ്‌ട്രേലിയ ലോകകപ്പിനെത്തുന്നത്. സ്‌മിത്തും വാര്‍ണറും തിരിച്ചെത്തിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സന്നാഹ മത്സരവും കങ്കാരുക്കള്‍ വിജയിച്ചു.