Asianet News MalayalamAsianet News Malayalam

ലോകകപ്പില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി; പരിക്കേറ്റ ശിഖര്‍ ധവാന്‍ പുറത്ത്

ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെയാണ് ശിഖര്‍ ധവാന്‍റെ ഇടതുകൈവിരലിന് പരിക്കേറ്റത്. പാറ്റ് കമ്മിൻസിന്‍റെ കുത്തിയുയര്‍ന്ന പന്താണ് പരിക്കേല്‍പ്പിച്ചത്. ഇതിന് പിന്നാലെ ടീം ഫിസിയോ പാട്രിക് ഫര്ഹാര്‍ട്ട് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു

shikhar dhawan ruled out from world cup
Author
London, First Published Jun 11, 2019, 1:39 PM IST

ലണ്ടന്‍: ന്യുസീലൻഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി. ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ഇടതുകൈവിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് ഇനിയുള്ള മത്സരങ്ങള്‍ കളിക്കാനാവില്ലെന്ന് വ്യക്തമായി. പരിക്കേറ്റ ധവാനെ ഇന്ന് സ്കാനിംഗിന് വിധേയനാക്കിയിരുന്നു. ഇതിന്‍റെ പരിശോധനാ ഫലം പുറത്ത് വന്നതോടെയാണ് ധവാന് ലോകകപ്പ് തന്നെ നഷ്ടമാകുമെന്നുള്ള കാര്യം വ്യക്തമായത്. 

ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെയാണ് ശിഖര്‍ ധവാന്‍റെ ഇടതുകൈവിരലിന് പരിക്കേറ്റത്. പാറ്റ് കമ്മിൻസിന്‍റെ കുത്തിയുയര്‍ന്ന പന്താണ് പരിക്കേല്‍പ്പിച്ചത്. ഇതിന് പിന്നാലെ ടീം ഫിസിയോ പാട്രിക് ഫര്ഹാര്‍ട്ട് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്ന് വേദന വകവെയ്ക്കാതെ കളിച്ച ശിഖര്‍ ധവാൻ സെഞ്ചുറിയും നേടി.

എന്നാല്‍, ശിഖര്‍ ധവാൻ പിന്നീട് ഫീല്‍‍ഡിംഗിന് ഇറങ്ങിയിരുന്നില്ല. പകരം 50 ഓവറും രവീന്ദ്ര ജഡേജയാണ് ഫീല്‍ഡ് ചെയ്തത്. മറ്റന്നാള്‍ ട്രെന്റ് ബ്രിഡ്ജില്‍ വൈകീട്ട് മൂന്ന് മണിക്കാണ് ഇന്ത്യ ന്യുസീലൻ‍ഡ് മത്സരം. ഇതിന് പിന്നാലെ പാക്കിസ്ഥാന്‍, ഇംഗ്ലണ്ട് അടക്കമുള്ള ടീമുകളെയും ഇന്ത്യക്ക് നേരിടാനുണ്ട്. 

ധവാന് പകരം രോഹിത് ശര്‍മയ്ക്കൊപ്പം ആര് ഇന്ത്യക്ക് വേണ്ടി ഓപ്പണ്‍ ചെയ്യുമെന്നുള്ളതാണ് ഏറ്റവും ആശങ്കപ്പെടുത്തുന്നത്. കെ എല്‍ രാഹുല്‍ ഓപ്പണിംഗ് സ്ഥാനത്തേക്ക് വന്നാല്‍ വിജയ് ശങ്കറിനെ നാലാം നമ്പറില്‍ പരീക്ഷിക്കേണ്ടി വരും. അല്ലെങ്കില്‍ ധോണിക്ക് സ്ഥാനം കയറ്റം നല്‍കി ദിനേശ് കാര്‍ത്തിക്കിന് അവസരം നല്‍കേണ്ടി വരും.

Follow Us:
Download App:
  • android
  • ios