നോട്ടിംഗ്‌ഹാം: പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ലോകകപ്പിലെ അവസാന ലീഗ് മത്സരങ്ങളില്‍ തിരിച്ചെത്തുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. 'ധവാന്‍റെ കൈയില്‍ പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ട്. ഫിറ്റ്‌നസ് ടീം നിരീക്ഷിച്ചുവരികയാണ്. ലീഗ് മത്സരങ്ങളുടെ അവസാന ഘട്ടത്തില്‍ താരം കളിക്കുമെന്നാണ് പ്രതീക്ഷയെന്നും' നോട്ടിംഗ്‌ഹാമില്‍ ഇന്ത്യ- ന്യൂസീലന്‍ഡ് മത്സരം മഴമൂലം ഉപേക്ഷിച്ച ശേഷം കോലി പറഞ്ഞു. 

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ വിരലിന് പരിക്കേറ്റ ധവാന്‍ ലോകകപ്പ് നഷ്ടമാകുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ധവാനെ ടീം സ്‌ക്വാഡില്‍ നിലനിര്‍ത്തിയ മാനേജ്‌മെന്‍റ് താരത്തിന് കളിക്കാനായേക്കുമെന്ന് സൂചനകള്‍ നല്‍കി. ധവാന് പകരക്കാരനായി പരിഗണിക്കപ്പെടുന്ന ഋഷഭ് പന്തിനെ ഇതിനിടെ ഇംഗ്ലണ്ടിലെത്തിക്കുകയും ചെയ്തു ടീം ഇന്ത്യ.

അതേസമയം സ്റ്റാന്‍ഡ് ബൈ ആയി പ്രഖ്യാപിച്ചിരുന്ന ഋഷഭ് പന്ത് ഇംഗ്ലണ്ടില്‍ എത്തിയെങ്കിലും ധവാന് പകരക്കാരനാണെന്ന പ്രഖ്യാപനം ടീം നടത്തിയില്ല. ഇതിലൂടെ ധവാന്‍റെ പരിക്ക് ഭേദമാകുമെന്ന സൂചനയാണ് ടീം നല്‍കിയത്. ഇക്കാര്യം ഉറപ്പിക്കുന്നതാണ് കോലിയുടെ വാക്കുകള്‍. അവസാന ലീഗ് മത്സരം കഴിയും വരെയും ധവാന്‍റെ പരിക്ക് മാറുമോയെന്ന് നോക്കാമെന്നാണ് ടീം മാനേജ്മെന്‍റിന്‍റെ തീരുമാനം.