ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്‌മാന്‍ ഡികോക്കാണ് ഇത്തരത്തില്‍ രക്ഷപെട്ടത്.
ഓവല്‍: ബെയ്‌ല്‍സ് ഇളകിയിട്ടും ഭാഗ്യത്തിന്‍റെ ആനുകൂല്യത്തില്‍ പുറത്താകാതെ നിന്ന ബാറ്റ്‌സ്‌മാന്‍മാര്‍ ഐപിഎല്ലിലെ സ്ഥിരം കാഴ്‌ചയായിരുന്നു. ലോകകപ്പ് തുടങ്ങിയപ്പോള്‍ ആദ്യ മത്സരത്തില്‍ തന്നെ ഇത്തരത്തിലൊരു കാഴ്‌ച ക്രിക്കറ്റ് ആരാധകര്‍ക്ക് കാണാനായി.
ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്‌മാന്‍ ഡികോക്കാണ് ഇത്തരത്തില്‍ രക്ഷപെട്ടത്. സ്‌പിന്നര്‍ ആദില്‍ റഷീദ് എറിഞ്ഞ 11-ാം ഓവറില്‍ സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തിനിടെ പന്ത് ഡികോക്കിനെ കടന്ന് സ്റ്റംപില്‍ ഉരസി. ടെലിവിഷന്‍ റിവ്യൂകളില്‍ ബെയ്‌ല്‍സ് ഇളകിയത് വ്യക്തമായിരുന്നു. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ അപ്പീല്‍ ചെയ്‌തെങ്കിലും ബെയ്‌ല്‍സ് നിലത്ത് വീഴാത്തതിനാല്‍ വിക്കറ്റ് അനുവദിക്കപ്പെട്ടില്ല.
ബട്‌ലര്‍ അപ്പീല്‍ ചെയ്യാന്‍ പോയതോടെ പന്ത് ബൗണ്ടറി കടന്നപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് അനുകൂലമായി നാല് റണ്‍സും ലഭിച്ചു. ഭാഗ്യദേവതയുടെ ആനുകൂല്യം ആവോളം ലഭിക്കുകയായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്ക്. എന്നാല്‍ വ്യക്തിഗത സ്‌കോര്‍ 68ല്‍ നില്‍ക്കേ ഡികോക്കിനെ പ്ലങ്കറ്റ് റൂട്ടിന്‍റെ കൈകളിലെത്തിച്ചു. ആറ് ഫോറും രണ്ട് സിക്‌സും ഇതിനിടെ ഡികോക്കിന്‍റെ ബാറ്റില്‍ നിന്ന് പറന്നു.
