ആന്റിഗ്വ: കീറണ്‍ പൊള്ളാര്‍ഡ്, ഡ്വെയ്ന്‍ ബ്രാവോ എന്നിവരെ ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ റിസര്‍വ് താരങ്ങളായി ഉള്‍പ്പെടുത്തി. അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയ താരമാണ് ബ്രാവോ. വിന്‍ഡീസ് ലോകകപ്പ് സ്‌ക്വാഡിലുള്ള ഏതെങ്കിലും താരത്തിന് പരിക്കേറ്റാല്‍ ഇരുവര്‍ക്കും കളിക്കാനുള്ള അവസരം തെളിയും. ഇരുവര്‍ക്കും പുറമെ സുനില്‍ ആംബ്രിസ്, ജോണ്‍ കാംപല്‍, ജോനതാന്‍ കാര്‍ട്ടര്‍, റോസ്റ്റണ്‍ ചേസ്, ഷെയ്ന്‍ ഡോര്‍വിച്ച്, കീമോ പോള്‍, ഖാരി പീറെ, റയ്മണ്‍ റീഫര്‍ എന്നിവരും റിസര്‍വ് ലിസ്റ്റിലുണ്ട്.

നാല് വര്‍ഷം മുമ്പാണ് ബ്രാവോ അവസാനമായി വിന്‍ഡീസ് ജേഴ്‌സിയില്‍ ഏകദിനം കളിച്ചത്. പൊളളാര്‍ഡാണ് റിസര്‍വ് ലിസ്റ്റില്‍ ഇടം നേടിയ മറ്റൊരു പ്രധാനി. 2016 ഒക്‌റ്റോബറിലാണ് പൊള്ളാര്‍ഡ് വിന്‍ഡീസ് ജേഴ്‌സിയില്‍ കളിച്ചത്. അടുത്തിടെ അവസാനിച്ച ത്രിരാഷ്ട്ര പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ആംബ്രിസ്. ഓരോ വീതം സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും ആംബ്രിസിന്റെ പേരിലുണ്ട്.