ലണ്ടന്‍: ലോകകപ്പില്‍ റിസർവ് ദിനങ്ങൾ ഒഴിവാക്കിയതിന് വിശദീകരണവുമായി ഐ സി സി. 'റിസർവ് ദിനം നടപ്പാക്കുക പ്രായോഗികമല്ല. ലോകകപ്പിന്‍റെ ദൈർഘ്യം ക്രമാതീതമായി നീണ്ടുപോകും. സ്റ്റേഡിയങ്ങളുടെ ലഭ്യത, ടീമുകളുടെയും ഒഫീഷ്യൽസിന്‍റെയും താമസം, കാണികളുടെ അടക്കമുള്ള മറ്റ് സൗകര്യങ്ങൾ എന്നിവയൊക്കെ പരിഗണിച്ചാണ് മത്സരക്രമം തയ്യാറാക്കിയത്. റിസർവ് ദിനത്തിൽ മഴ പെയ്യില്ലെന്ന് എന്താണ് ഉറപ്പെന്നും' ഐ സി സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡേവ് റിച്ചാർഡ്സൺ ചോദിച്ചു.

മഴ രസംകൊല്ലിയായിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇതിനകം മൂന്ന് മത്സരങ്ങളാണ് ഉപേക്ഷിച്ചത്. ഇത്തവണ ബ്രിസ്റ്റോളിൽ മാത്രം രണ്ടുകളി മഴ കൊണ്ടുപോയി. ഇതോടെ മഴമൂലം ഏറ്റവും കൂടുതൽ മത്സരം ഉപേക്ഷിച്ച ലോകകപ്പെന്ന റെക്കോർഡും പിറന്നുകഴിഞ്ഞു. ഇന്ന് നടക്കുന്ന ഓസ്‌ട്രേലിയ- പാക്കിസ്ഥാന്‍ മത്സരത്തിനും നാളത്തെ ഇന്ത്യ- ന്യൂസീലന്‍ഡ് മത്സരത്തിനും മഴയുടെ ഭീഷണിയുണ്ട്. ഇതോടെ ലോകകപ്പില്‍ റിസര്‍വ് ദിനങ്ങള്‍ ഉള്‍പ്പെടുത്താത്തത് എന്ന ചോദ്യം പല കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. 

ബംഗ്ലാദേശ്- ശ്രീലങ്ക മത്സരം ടോസ് പോലും ഇടാനാകാതെ ഉപേക്ഷിച്ചതിന് പിന്നാലെ ബംഗ്ലാ പരിശീലകന്‍ സ്റ്റീവ് റോഡ്‌സ് റിസര്‍വ് ദിനങ്ങള്‍ വേണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ലങ്കയ്‌ക്ക് എതിരായ മത്സരം വിജയിച്ച് രണ്ട് പോയിന്‍റ് നേടാനാകും എന്നായിരുന്നു പ്രതീക്ഷയെന്നും എന്നാല്‍ മഴ നിരാശ നല്‍കിയെന്നും അദേഹം പ്രതികരിച്ചു. മഴ മുൻകൂട്ടിക്കാണാൻ കഴിയാത്തത് ഐസിസിയുടെ വീഴ്‌ചയാണെന്ന് ബംഗ്ലാദേശ് പരിശീലകനും ഇംഗ്ലണ്ടിന്‍റെ മുൻവിക്കറ്റ് കീപ്പറുമായ സ്റ്റീവ് റോഡ്സ് പറഞ്ഞു.