ലണ്ടന്‍: ഏകദിന ലോകകപ്പ് ക്രിക്കറ്റിന് നാളെ തുടക്കം. ഇംഗ്ലണ്ട് ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടും. ജൂലൈ പതിനാലിന് ലോർഡ്സിലാണ് ഫൈനൽ. ക്രിക്കറ്റിന്‍റെ തറവാടൊരുങ്ങി. മക്കളും കൊച്ചുമക്കളുമെത്തി. പതിനൊന്ന് കളിത്തട്ടുകളും തയ്യാർ.

ഇപ്പോഴില്ലെങ്കിൽ ഇനിയില്ലെന്ന വീറോടെ ആദ്യ കിരീടത്തിനായി ആതിഥേയരായ ഇംഗ്ലണ്ട്. 1983 ആവർത്തിക്കാൻ വിരാട് കോലിയുടെ ഇന്ത്യ. ആറാം കിരീടത്തിലൂടെ ആധിപത്യം തുടരാൻ ഓസ്ട്രേലിയ. ദൗർഭാഗ്യങ്ങൾ കുടഞ്ഞെറിയാൻ ദക്ഷിണാഫ്രിക്ക. 2015ലെ തോൽവിക്ക് പകരംവീട്ടാൻ ന്യുസീലൻഡ്. പ്രവചനങ്ങൾ അസാധ്യമാക്കുന്ന പാകിസ്ഥാനും
ബംഗ്ലാദേശും.

ഐ പി എൽ കരുത്തിൽ വിൻഡീസ്. അത്ഭുതചെപ്പ് തുറക്കുന്ന ശ്രീലങ്ക. വമ്പൻമാർക്ക് അശാന്തി വിതയ്ക്കാൻ അഫ്ഗാനിസ്ഥാൻ.പ്രവചനം അസാധ്യമായ ഇംഗ്ലീഷ് കാലാവസ്ഥയിൽ എല്ലാവരും പരസ്പരം ഏറ്റുമുട്ടുമ്പോൾ ആദ്യറൗണ്ടിൽ ഒരോ ടീമിനും ഒൻപത് കളികൾ. ആദ്യ നാല് സ്ഥാനക്കാർ സെമിയിലേക്ക്.

ഓവലിലെ ആദ്യ പോരിൽ നിന്ന് ലോഡ്സിലെ ഫൈനലിലേക്ക് എത്തുന്പോൾ ആകെ നാൽപ്പത്തിയെട്ട് കളികൾ. ജൂൺ  അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യൻ  യാത്രയ്ക്ക് തുടക്കമാവുക. ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്ന ഇന്ത്യ പാകിസ്ഥാൻ പോരാട്ടം ജൂൺ പതിനാറിനാണ്.