നോട്ടിംഗ്ഹാം: ലോകകപ്പിലെ 18 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നാല് മത്സരങ്ങളില്‍ മൂന്ന് വിജയങ്ങളുമായി ന്യൂസിലന്‍ഡ് ഏഴ് പോയിന്‍റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. കളിച്ച മൂന്ന് മത്സരങ്ങളും കിവീസ് വിജയിച്ചപ്പോള്‍ ഇന്ത്യക്കെതിരെയുള്ള പോരാട്ടം മഴമൂലം ഉപേക്ഷിച്ചു. നാല് മത്സരങ്ങളില്‍ മൂന്ന് വിജയങ്ങളുള്ള ഓസ്ട്രേലിയ ആണ് ആറ് പോയിന്‍റുകളുമായി രണ്ടാം സ്ഥാനത്ത്.

ഇന്ത്യക്കെതിരെയാണ് കങ്കാരുക്കളുടെ ഏക തോല്‍വി. മൂന്ന് മത്സരങ്ങളില്‍ രണ്ട് വിജയങ്ങളുമായി ഇന്ത്യ മൂന്നാം സ്ഥാനത്താണ്. കളിച്ച രണ്ട് മത്സരങ്ങളും ഇന്ത്യ വിജയം നേടിയപ്പോള്‍ കിവീസിനെതിരായ മത്സരം മഴ കൊണ്ടു പോയി. ഇന്ത്യക്ക് അഞ്ച് പോയിന്‍റാണ് ഉള്ളത്. മൂന്ന് മത്സരങ്ങളില്‍ രണ്ട് വിജയവും ഒരു തോല്‍വിയുമായി ആതിഥേയരായ ഇംഗ്ലണ്ട് നാലാം സ്ഥാനത്താണ്.

ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ എന്നിങ്ങനെയാണ് യഥാക്രമം ബാക്കി ടീമുകളുടെ പോയിന്‍റ് നിലയിലെ സ്ഥാനങ്ങള്‍. മഴ മൂലം ഒരു പന്ത് പോലും എറിയാതെ ലോകകപ്പിലെ നാല് മത്സരങ്ങളാണ് ഉപേക്ഷിച്ചത്. ഇന്ത്യ- ന്യൂസിലന്‍ഡ് പോരിന് പുറമെ,  പാക്കിസ്ഥാന്‍- ശ്രീലങ്ക, ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക- ബംഗ്ലാദേശ് എന്നീ മത്സരങ്ങളും ഉപേക്ഷിച്ചിരുന്നു.

മഴ താറുമാറാക്കിയ ലോകകപ്പ് ഉപേക്ഷിച്ച മത്സരങ്ങളുടെ എണ്ണംകൊണ്ട് ഇതിനകം റെക്കോര്‍ഡിടുകയാണ് ഇംഗ്ലണ്ട്. നാല് മത്സരങ്ങള്‍ കൊണ്ട് പോയ മഴ പോയിന്‍റ് കണക്കാക്കിയാല്‍ എട്ട് പോയിന്‍റുകളുമായി ഒന്നാം സ്ഥാനത്ത് എത്തുമെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്.