റസാഖിന്‍റെ വാഗ്ദാനത്തോട് രണ്ടു രീതിയിലാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചിരിക്കുന്നത്. ഒരുവിഭാഗം റസാഖിനെ പിന്തുണച്ചപ്പോള്‍ മറ്റൊരു വിഭാഗം പാക്കിസ്ഥാന്‍ താരങ്ങളെ പരിശീലിപ്പിച്ചാല്‍ മതിയെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്
മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ ടീമിലെ വെടിക്കെട്ട് ബാറ്റ്സ്മാനാണ് ഹാര്‍ദിക് പാണ്ഡ്യ. കപില്‍ദേവിന് ശേഷം ഒരു പേസ് ബൗളിംഗ് ഓള്‍റൗണ്ടറിന് വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് ഒരുപരിധി വരെ പരിഹാരമായത് ഹാര്‍ദിക്കിന്‍റെ വരവോടെയാണ്. എന്നാല്‍, ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലേക്ക് പരിഗണിക്കപ്പെടണമെങ്കില്‍ ഇതിലുമേറെ മെച്ചപ്പെട്ട പ്രകടനം ഹാര്‍ദിക്കില്‍ നിന്നുമുണ്ടാവണം.
ഇതിന് സഹായം നല്‍കാന്‍ ഒരുക്കമാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖ്. പാണ്ഡ്യയുടെ കളിയില്‍ ഒരുപാട് പ്രശ്നങ്ങളുണ്ടെന്നും ചില മാറ്റങ്ങള്‍ അത്യാവശ്യമാണെന്നും റസാഖ് പറയുന്നു. പന്തിനെ കാഠിന്യത്തോടെ അടിച്ചകറ്റുമ്പോള്‍ ഹാര്‍ദിക് ശരീരം ബാലന്‍സ് ചെയ്യുന്നതില്‍ പ്രശ്നങ്ങളുണ്ട്.
ഹാര്‍ദിക്കിന്‍റെ പാദചലനങ്ങളും കഴിഞ്ഞ മത്സരങ്ങളില്‍ ശ്രദ്ധിച്ചു. യുഎഇയിലോ മറ്റോ ഹാര്‍ദിക്കിന് പരിശീലനം നല്‍കാന്‍ തനിക്ക് അവസരം ലഭിച്ചാല്‍ ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലേക്ക് അവനെ മാറ്റാന്‍ തനിക്ക് സാധിക്കുമെന്ന് റസാഖ് പറഞ്ഞു. ബിസിസിഐക്ക് ഹാര്‍ദിക്കിനെ മികച്ച് ഓള്‍റൗണ്ടറാക്കണമെങ്കില്‍ എപ്പോഴും താന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്തായാലും റസാഖിന്‍റെ വാഗ്ദാനത്തോട് രണ്ടു രീതിയിലാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചിരിക്കുന്നത്. ഒരുവിഭാഗം റസാഖിനെ പിന്തുണച്ചപ്പോള്‍ മറ്റൊരു വിഭാഗം പാക്കിസ്ഥാന്‍ താരങ്ങളെ പരിശീലിപ്പിച്ചാല്‍ മതിയെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
