നോട്ടിംഗ്ഹാം:  : ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ - ന്യൂസിലൻഡ് പോരാട്ടം കൂടെ മഴ മൂലം ഉപേക്ഷിച്ചതോടെ  ടൂര്‍ണമെന്‍റ് നടത്തിപ്പിനെതിരെ ചോദ്യങ്ങളുമായി ഇതിഹാസ താരങ്ങളായ ബ്രയാന്‍ ലാറയും അനില്‍ കുംബ്ലെയും.  അമ്പയര്‍മാര്‍ എത്തി ഔട്ട്ഫീല്‍ഡ് പരിശോധിച്ചപ്പോള്‍ മത്സരം നടത്താന്‍ സാധിക്കാത്ത അവസ്ഥിയിലാണെന്ന് വ്യക്തമായിരുന്നു.

കൂടാതെ, ഇടവിട്ട് മഴ പെയ്യുന്നതും പ്രശ്നമായി. ഇപ്പോള്‍ ലാറയും കുംബ്ലെയും ടൂര്‍ണമെന്‍റ്  നടത്തിപ്പിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. നോട്ടിംഗ്ഹാമില്‍ മഴ പെയ്യുമെന്ന കാലാവസ്ഥ പ്രവചനങ്ങളാണ് ഇരുവരും മുന്നോട്ട് വയ്ക്കുന്നത്. ഇങ്ങനെ ഒരു പ്രവചനം ഉണ്ടായപ്പോള്‍ ഗ്രൗണ്ടിന്‍റെ ഭാഗങ്ങള്‍ കൂടുതലും മൂടിയിരുന്നെങ്കില്‍ കളി നടത്താനുള്ള ചെറിയ സാധ്യത എങ്കിലും ഉണ്ടാകുമായിരുന്നു.

എന്നാല്‍, ബൗളര്‍മാര്‍ ഓടിയെത്തുന്ന ഭാഗം പോലും നനഞ്ഞ അവസ്ഥയാണെന്ന് കുംബ്ലെ ചൂണ്ടിക്കാട്ടി. ലോകകപ്പ് ഒരു വലിയ ടൂര്‍ണമെന്‍റാണ്. ഒരുപാട് പണം ചെലവഴിക്കുന്നുണ്ട്. അപ്പോള്‍ കൂടുതല്‍ കവറുകള്‍ ഉപയോഗിച്ച് ഗ്രൗണ്ട് മൂടാനും കൂടുതല്‍ ജോലിക്കാരെ നിയോഗിക്കാനുമെല്ലാം തയാറാവണമായിരുന്നുവെന്ന് ലാറ പറഞ്ഞു.

എന്തായാലും ലോകകപ്പിലെ മത്സരങ്ങള്‍ മഴ മുടക്കുന്നതോടെ ആരാധകരുടെ രോഷം വര്‍ധിക്കുന്നുണ്ട്. മഴ മൂലം മുഴുവന്‍ കളിയും ഉപേക്ഷിക്കാതിരിക്കാന്‍ എന്തെങ്കിലും മാര്‍ഗം കണ്ടെത്തണമെന്നാണ് ആവശ്യം. ലോകകപ്പിലെ 18 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നാല് മത്സരങ്ങളില്‍ മൂന്ന് വിജയങ്ങളുമായി ന്യൂസിലന്‍ഡ് ഏഴ് പോയിന്‍റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നാല് മത്സരങ്ങളില്‍ മൂന്ന് വിജയങ്ങളുള്ള ഓസ്ട്രേലിയ ആണ് ആറ് പോയിന്‍റുകളുമായി രണ്ടാം സ്ഥാനത്ത്. ഇന്ത്യക്കെതിരെയാണ് കങ്കാരുക്കളുടെ ഏക തോല്‍വി. മൂന്ന് മത്സരങ്ങളില്‍ രണ്ട് വിജയങ്ങളുമായി ഇന്ത്യ മൂന്നാം സ്ഥാനത്താണ്.