ലണ്ടന്‍: 28 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ത്യ 2011ല്‍ വീണ്ടും ഏകദിന ലോകകപ്പ് കിരീടം ഉയര്‍ത്തുമ്പോള്‍ തലയുയര്‍ത്തി നിന്നത് യുവ്‍രാജ് സിംഗാണ്. ഓള്‍റൗണ്ട് മികവ് എന്ന വാക്കിന് പൂര്‍ണത നല്‍കി ബാറ്റ് കൊണ്ടും പന്ത് കൊണ്ടും യുവി കവിതകള്‍ എഴുതിച്ചേര്‍ത്തു. 90.50 ശരാശരിയില്‍ 362 റണ്‍സാണ് യുവ്‍രാജ് അടിച്ചെടുത്തത്.

ഒപ്പം 15 വിക്കറ്റുകളും നേടി എം എസ് ധോണിക്കും സംഘത്തിനും മേധാവിത്വം യുവ്‍രാജ് നേടിക്കൊടുത്തു. അത്തരമൊരു മിന്നുന്ന പ്രകടനത്തിനാണ് ഇത്തവണയും ഇന്ത്യ കാത്തിരിക്കുന്നത്. അതിനുള്ള പ്രതിഭ പുതിയ ഇന്ത്യന്‍ ടീമില്‍ ആര്‍ക്കുണ്ട്? ആ ചോദ്യത്തിന് ഓസ്ട്രേലിയയുടെ ഇതിഹാസ താരം ഗ്രെന്‍ മഗ്രാത്ത് ഉത്തരം പറഞ്ഞിരിക്കുകയാണ്.

ഇംഗ്ലണ്ട് ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പ് ചീട്ടാവുക ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ആകുമെന്നാണ് മഗ്രാത്ത് പറയുന്നത്. യുവ്‍രാജ് ചെയ്തത് പോലെ ഹാര്‍ദിക്കിനും കളി മാറ്റിമറിക്കാന്‍ സാധിക്കും. ആ റോള്‍ ഏറ്റെടുക്കാന്‍ അവന് സാധിക്കും. ദിനേശ് കാര്‍ത്തിക്കും നല്ല ഫിനിഷറാണ്. ജസ്പ്രിത് ബുമ്ര ഇപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച പരിമിത ഓവര്‍ ക്രിക്കറ്റിലെ ബൗളറാണ്.

ഈ ലോകകപ്പില്‍ മിന്നും പ്രകടനം കാഴ്ചവെയ്ക്കാനുള്ള എല്ലാ മികവും ഇന്ത്യക്കുണ്ടെന്നും മഗ്രാത്ത് പിടിഐയോട് പറഞ്ഞു. ഒരുപാട് സമ്മര്‍ദങ്ങള്‍ക്ക് നടുവിലാണ് ഇന്ത്യന്‍ ടീം കളിക്കുക. എന്നാല്‍, അത്തരം സാഹചര്യങ്ങളില്‍ അവര്‍ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്.

എന്നാല്‍, ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ഇന്ത്യയുടെ പ്രകടനം കാണാന്‍ ആകാംക്ഷയുണ്ട്. ധോണിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകുമെന്നും മഗ്രാത്ത് പറഞ്ഞു. ഇന്ത്യയെ കൂടാതെ ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകളെയാണ് ഫേവറിറ്റുകളായി മുന്‍ താരം കാണുന്നത്. വെസ്റ്റ് ഇന്‍ഡീസ് കറുത്ത കുതിരകളാകുമെന്നും അദ്ദേഹം പ്രവചിക്കുന്നു.