ലണ്ടന്‍: ഇന്ത്യക്കെതിരായ കനത്ത തോല്‍വി ഉള്‍ക്കൊള്ളാന്‍ ഇതുവരെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ആരാധകര്‍ക്ക് സാധിച്ചിട്ടില്ല. അതില്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ് ആണ് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്. സര്‍ഫ്രാസിന് ബുദ്ധിയില്ലെന്ന് ഇതിഹാസ പേസര്‍ ഷൊയിബ് അക്തര്‍ പരിഹസിച്ചിരുന്നു.

അക്തറിനെ കൂടാതെ നിരവധി മുന്‍ താരങ്ങളും നായകനെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ മത്സരശേഷം നടത്തിയ ഒരു പ്രതികരണം മൂലം പുലിവാല് പിടിച്ചിരിക്കുകയാണ് പാക് പേസര്‍ ഹസന്‍ അലി. 2019 ലോകകപ്പ് ഇന്ത്യ നേടുമെന്ന തരത്തില്‍ അറിയാതെ പ്രതികരണം നടത്തിയ ഹസന്‍ അലി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ആരാധകരുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി.

തുടര്‍ന്ന് ആ പ്രതികരണം നീക്കുകയായിരുന്നു. പാക്കിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് ആജ്തക്കിലെ മാധ്യമപ്രവര്‍ത്തകയായ മുംതാസ് ഖാന്‍ ട്വീറ്റ് ചെയ്തിരുന്നു. വിരാട് കോലിക്കും സംഘത്തിനും ഇത്തവണത്തെ ലോകകപ്പ് നേടാന്‍ സാധിക്കുമെന്നും മുംതാസിന്‍റെ ട്വീറ്റിലുണ്ടായിരുന്നു.

എന്നാല്‍, ഇതിന് മറുപടി നല്‍കിയ ഹസന്‍ അലിക്ക് അല്‍പം ഒന്ന് പിഴച്ചു. നിങ്ങളുടെ പ്രാര്‍ഥനകള്‍ സഫലമാകുമെന്നായിരുന്നു ഹസന്‍ അലിയുടെ വാക്കുകള്‍. ഇതോടെ ഇന്ത്യ ലോകകപ്പ് നേടുമെന്ന ആഗ്രഹം സഫലമാകുമെന്ന പറഞ്ഞ ഹസന്‍ അലിയെ വിമര്‍ശിച്ച് പാക് ആരാധകര്‍ രംഗത്ത് വന്നു. ഇതോടെ താരം ആ പ്രതികരണം നീക്കുകയായിരുന്നു. 'ഇന്ത്യ ടുഡേ'യാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.