മുംബൈ: കളിക്കളത്തില്‍ പുതിയതും ധീരവുമായ പരീക്ഷണങ്ങള്‍ക്ക് മുതിരുന്ന നായകനായിരുന്ന എം എസ് ധോണി. ഇന്ത്യന്‍ ഏകദിന ടീം നായകനായിരുന്നപ്പോള്‍ കളിക്കളത്തിന് പുറത്തും ധോണി പുതിയ ആശയങ്ങള്‍ അവതരിപ്പിച്ചിരുന്നുവെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ ഫിസിക്കല്‍ ട്രെയിനറായിരുന്ന പാഡി അപ്ടണ്‍ തന്റെ ആത്മകഥയില്‍.

അനില്‍ കുംബ്ലെ ആയിരുന്നു അന്ന് ടെസ്റ്റ് ടീം നായകന്‍. ധോണി ഏകദിന ടീമിന്റെ നായകനും. ടീം മീറ്റിംഗുകള്‍ക്കും പരിശീലനത്തിനും കളിക്കാര്‍ കൃത്യസമയത്ത് എത്തണമെന്ന് ഇരുവരും കളിക്കാക്കാരോട് പറഞ്ഞു. എല്ലാവരും സമ്മതിക്കുകയും ചെയ്തു. എന്നാല്‍ വൈകി വന്നാല്‍ എന്തു ശിക്ഷ നല്‍കണമെന്ന ചോദ്യമുയര്‍ന്നപ്പോള്‍ വൈകി വരുന്ന കളിക്കാരന്‍ 10000 രൂപ പിഴയടക്കണമെന്നായിരുന്നു അനില്‍ കുംബ്ലെയുടെ നിര്‍ദേശം.

എന്നാല്‍ ഏകദിനി ടീമിന്റെ കാര്യം വന്നപ്പോള്‍ ധോണി അതില്‍ ചെറിയൊരു മാറ്റം വരുത്തി. ഏതെങ്കിലും ഒരു കളിക്കാരന്‍ വൈകി വന്നാല്‍ ടീമിലെ മറ്റ് കളിക്കാരെല്ലാം 10000 രൂപ പിഴ അടക്കണമെന്ന് ധോണി ഭേദഗതി വരുത്തി. ഇതിനുശേഷം ഒരു കളിക്കാരനും താതാമസിച്ചുവന്നിട്ടില്ല. 2008ല്‍ അനില്‍ കുംബ്ലെ വിരമിച്ചശേഷം ധോണി പിന്നീട് ടെസ്റ്റ് ടീമിന്റെയും നായക പദവി ഏറ്റെടുത്തു.