ദില്ലി:  ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ജൂണ്‍ 16നാണ് മാഞ്ചസ്റ്ററഇല്‍ ആ തകര്‍പ്പന്‍ പോരാട്ടം നടക്കുക. ഇതുവരെ ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചിട്ടാല്ലാത്തവര്‍ എന്ന കളങ്കം മായ്ച്ചുകളയാനാണ് പാക്കിസ്ഥാന്‍ ഇറങ്ങുന്നത്.

അതേസമയം, പാക് പടയ്ക്ക് മേലുള്ള ആധിപത്യം ഒരിക്കല്‍ കൂടി ഉറപ്പിക്കാന്‍ വിരാട് കോലിയും സംഘവും പൊരുതും. എന്നാല്‍, ഇപ്പോള്‍ ഇന്ത്യ-പാക് മത്സരത്തിലെ വിജയി ആരെന്ന് പ്രവചിച്ചിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍. പോരില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് ഒരു സാധ്യതയുമില്ലെന്നാണ് അശ്വിന്‍ പറയുന്നത്.

പാക്കിസ്ഥാനെതിരെ ജയിച്ച ചരിത്രമാണ് ഇന്ത്യക്കുള്ളത്. ബാറ്റിംഗ് ശക്തി നോക്കുമ്പോഴും അടുത്ത കാലത്തെ ബൗളിംഗ് പ്രകടനം ശ്രദ്ധിക്കുമ്പോഴും ഇന്ത്യയുടെ വിജയമല്ലാതെ മറ്റൊന്നും കാണാനില്ല. ഇന്ത്യന്‍ ബാറ്റിംഗില്‍ ഒരു ചെറിയ വിള്ളല്‍ സൃഷ്ടിക്കാമെന്നല്ലാതെ മറ്റൊരു സാധ്യതയും പാക്കിസ്ഥാന് മുന്നിലില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

ലോകകപ്പിലെ ഫേവറിറ്റ് ടീം ഇന്ത്യയാണ്. ലോകത്തെ ഏറ്റവും മികച്ച രണ്ട് ബാറ്റ്സ്മാന്മാരാണ് രോഹിത് ശര്‍മയും വിരാട് കോലിയും. ഹര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവരുടെ വരവ് ടീമിന്‍റെ ഘടനയെ സമതുലമാക്കി. കഴിഞ്ഞ രണ്ട് വര്‍ഷമായി കേദാര്‍ ജാദവ് ടീമില്‍ ചെയ്യുന്ന ചെറിയ റോള്‍ ഏറെ പ്രശംസിക്കേണ്ടതാണെന്നും അശ്വിന്‍ പറഞ്ഞു.

എന്നാല്‍, ഇന്ത്യ പാക്കിസ്ഥാന്‍ മത്സരത്തില്‍ ഇരുടീമിനും തുല്യ സാധ്യതയാണ് മുന്‍ പാക് താരം യൂനിസ് ഖാന്‍ കാണുന്നത്. എല്ലാ ടീമുകള്‍ക്കും ലോകകപ്പ് വിജയിക്കാന്‍ തുല്യ സാധ്യതയാണ്. ഇന്ത്യ മികച്ച ഘടനയുള്ള ടീമാണ്.

അതേസമയം, ഓസ്ട്രേലിയയും ന്യൂസിലന്‍റും പേടിക്കേണ്ട സംഘങ്ങളാണ്. ഇന്ത്യ-പാക് ഫെെനലാണ് ആഗ്രഹിക്കുന്നതെന്നും യൂനിസ് പറഞ്ഞിരുന്നു. എന്നാല്‍, ലോര്‍ഡ്സിലെ കലാശ പോരില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുമെന്നാണ് അശ്വിന്‍റെ പ്രവചനം.