മാഞ്ചസ്റ്റര്‍: ധോണിയുടെ മകൾ സിവയ്ക്കൊപ്പം ഇന്ത്യൻ ടീമിന്‍റെ ലാളനയേറ്റു വാങ്ങുകയാണ് രോഹിത്തിന്‍റെ മകൾ സമൈറയും. മാഞ്ചസ്റ്ററിലും അച്ഛന്‍റെ വെടിക്കെട്ട് കാണാൻ ഗ്യാലറിയിൽ കുഞ്ഞുമുണ്ടാകും. രോഹിത്തിന്‍റ ഭാഗ്യമാണ് ഭാര്യ റൃതിക. റൃതിക ഗ്യാലറിയിലുണ്ടായാൽ രോഹിത്ത് കത്തിക്കയറും.

സെഞ്ചുറിയും ഡബിൾ സെഞ്ചുറിയുമെക്കെ പിന്നാലെ വരും. നേട്ടങ്ങളെല്ലാം റൃതികയ്ക്ക് സമർപ്പിക്കുന്ന പതിവിന് ഈ ലോകകപ്പിൽ പക്ഷേ മാറ്റമുണ്ട്. കുഞ്ഞ് മകൾ സമൈറയ്ക്കും ക്രെഡിറ്റ് കൊടുക്കുകയാണ് രോഹിത്ത്. അച്ഛന്‍റെ നേട്ടങ്ങൾ കാണാൻ അമ്മയ്ക്കൊപ്പം ഇംഗ്ലണ്ടിലുണ്ട് സമെെറക്കുട്ടിയും. കുഞ്ഞിനെ കൊഞ്ചിക്കാൻ ടീമിലെ മറ്റു താരങ്ങൾ തമ്മില്‍ മത്സരമാണ്.

കളിയും പരിശീലനവും ഇല്ലെങ്കിൽ അച്ഛൻ കുഞ്ഞിനെ ഒക്കത്ത് നിന്ന് താഴെ വയ്ക്കുന്നില്ലെന്നാണ് പരാതി. ഡിസംബറിൽ ഓസ്ട്രേലിയൻ പര്യടനത്തിനിടെയാണ് രോഹിത്തിന് കുഞ്ഞ് ജനിക്കുന്നത്. ഐപിഎൽ ജയം കുഞ്ഞിനൊപ്പം മൈതാനത്ത് ആഘോഷിക്കുന്ന ദൃശ്യങ്ങളും പിന്നീട് വൈറലായിരുന്നു.

ധോണിയുടെ മകള്‍ സിവയ്‍ക്കൊപ്പം  കുഞ്ഞ് സമൈറയും ഇന്ത്യൻ ടീമിന്‍റെ പൊന്നോമനയാവുകയാണ്. അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിനിടെ ഗാലറിയില്‍ കുഞ്ഞ് സിവ എത്തിയിരുന്നു.