മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ഏറ്റവും വലിയ ഗ്ലാമറസ് പോരാട്ടമാണ് നാളെ മാഞ്ചസ്റ്ററില്‍ നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം. ഇരു രാജ്യങ്ങളും പരസ്പരം ഏറ്റുമുട്ടുമ്പോള്‍ കളത്തില്‍ ആവേശം അലയടിക്കും. അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇരുരാജ്യങ്ങളിലെയും ക്രിക്കറ്റ് ആരാധകര്‍. ഇന്ത്യ-പാക് പോരാട്ടത്തിന് മുമ്പ് ഇപ്പോള്‍ മത്സരത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.

ഒരിക്കലും അമിത ആത്മവിശ്വാസത്തോടെ ആവില്ല പാക്കിസ്ഥാനെ നേരിടാനായി ഇന്ത്യ ഇറങ്ങുക എന്നാണ് സച്ചിന്‍ പറയുന്നത്. ലോകകപ്പില്‍ ഇതുവരെ ഇന്ത്യ പാക്കിസ്ഥാനോട് തോല്‍വി അറിഞ്ഞിട്ടില്ല. കളിച്ച ആറ് മത്സരങ്ങളിലും നീലപ്പട വിജയം നേടി. എന്നാല്‍, 2017 ചാമ്പ്യന്‍സ് ട്രോഫിയില്‍ 180 റണ്‍സിന്‍റെ പരാജയമാണ് ഇന്ത്യ പാക്കിസ്ഥാനില്‍ നിന്ന് ഏറ്റുവാങ്ങിയത്.

ഐസിസി ടൂര്‍ണമെന്‍റില്‍ ഒടുവില്‍ ഇരുടീമുകളും ഏറ്റുമുട്ടിയത് ആ മത്സരത്തിലാണ്. അത് അവരുടെ പൊസിറ്റീവ് ആയ തിരിച്ചുവരവാണ്. അതിനാല്‍ ഇന്ത്യ അമിത ആത്മവിശ്വാസവുമായി ഒരിക്കലും കളത്തിലിറങ്ങില്ല. ആത്മവിശ്വാസത്തിലാണ് ഇന്ത്യ, പക്ഷേ അമിത ആത്മവിശ്വാസത്തില്‍ അല്ല.

രവി ശാസ്ത്രിയും വിരാട് കോലി അടക്കമുള്ള സീനിയര്‍ താരങ്ങളും എപ്പോള്‍ എന്താണ് അനുഭവിക്കുന്നതെന്ന് മനസിലാകുമെന്നും സച്ചിന്‍ പറഞ്ഞു. ഏകദിന ക്രിക്കറ്റിലെ അടുത്ത കാലത്തെ പ്രകടനം വച്ച് ഇന്ത്യ ഇപ്പോള്‍ 100 ശതമാനം മികച്ച ടീമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.