ദില്ലി: ഇന്ത്യ വിജയിച്ച 2011 ലോകകപ്പിനിടെ നടന്ന ഒരു സംഭവം വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. 2011 ലോകകപ്പിന്‍റെ സെമി ഫെെനലില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റമുട്ടിയ മത്സരത്തിന്‍റെ ടിക്കറ്റ് പാക് താരം ഷോയിബ് അക്തര്‍ തന്നോട് ചോദിച്ചെന്നാണ് ഹര്‍ഭജന്‍ വെളിപ്പെടുത്തിയത്.

ക്രിക്കറ്റ് ആവേശം പരകോടിയില്‍ എത്തിയ ഇന്ത്യ-പാക് സെമി ഫെെനല്‍ മൊഹാലിയിലാണ് അന്ന് നടന്നത്. മത്സരത്തില്‍ സച്ചിന്‍റെ മികവില്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സാണ് കുറിച്ചത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാന്‍ 231 റണ്‍സില്‍ വീണു. 43 റണ്‍സിന് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ഹര്‍ഭജനും കളിയില്‍ തിളങ്ങിയിരുന്നു.

മത്സരത്തിന് മുമ്പ് അക്തര്‍ തന്നോട് ടിക്കറ്റ് ചോദിച്ചെന്ന് ഇപ്പോള്‍ ഹര്‍ഭജന്‍ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. 2011ലെ സെമി ഫെെനലിന് മുമ്പ് അക്തറിനെ കണ്ടിരുന്നു. അക്തറിന്‍റെ കുടുംബവും ഇന്ത്യയില്‍ എത്തിയിരുന്നു. അതുകൊണ്ട് ടിക്കറ്റ് ലഭിക്കുമോയെന്ന് അക്തര്‍ തന്നോട് ചോദിച്ചു.

നാല് ടിക്കറ്റുകള്‍ അദ്ദേഹത്തിന് നല്‍കിയെന്നും ഹര്‍ഭജന്‍ പറഞ്ഞു. അന്നത്തെ മത്സരത്തിന് അക്തര്‍ കളിച്ചിരുന്നില്ല. അതിന് ശേഷം ഫെെനല്‍ പോരാട്ടത്തിന്‍റെ ടിക്കറ്റുകളും അക്തര്‍ ചോദിച്ചിരുന്നു. ഇത് കൊണ്ട് താങ്കള്‍ എന്ത് ചെയ്യും? ഇന്ത്യ ഉറപ്പായും ജയിക്കും. 

അത് താങ്കള്‍ക്ക് കാണമെങ്കില്‍ രണ്ടോ നാലോ ടിക്കറ്റ് നല്‍കാമെന്നും പറഞ്ഞതായി ഇന്ത്യ ടുഡേയോടാണ് ഹര്‍ഭജന്‍ പറഞ്ഞത്. ഈ ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം വലിയ സംഭവം ഒന്നുമല്ലെന്നും ഇന്ത്യ -ഇംഗ്ലണ്ട് മത്സരമാണ് ആവേശമുള്ളതെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.