ബംഗ്ലാദേശ് താരം അബു ജയേദിന്‍റെ 49-ാം ഓവറിലെ ആദ്യ പന്ത് കണ്ണഞ്ചിക്കുന്ന വേഗത്തില്‍ അതിര്‍ത്തി കടന്നു. അതാ വിമര്‍ശകരുടെ വായടപ്പിച്ച മഹേന്ദ്ര സിംഗ് ധോണിയെന്ന ആരാധകരുടെ മഹിയുടെ സ്റ്റൈലന്‍ സെഞ്ചുറി പിറന്നിരിക്കുന്നു. പ്രായം ഏറിയെന്ന് വിമര്‍ശിക്കുന്നവര്‍ക്കും ലോകകപ്പിന് മുന്‍പ് എതിര്‍ ടീമുകള്‍ക്കും ശക്തമായ താക്കീത്.

ലോകകപ്പ് സന്നാഹ മത്സരത്തില്‍ ബംഗ്ലാ ബൗളര്‍മാരെ തലങ്ങുവിലങ്ങും പായിച്ച് ധോണി വെടിക്കെട്ട് സെഞ്ചുറി ആഘോഷമാക്കുകയായിരുന്നു. ആറാമനായി ഇറങ്ങിയ ധോണി 78 പന്തില്‍ എട്ട് ഫോറും ഏഴ് സിക്‌സും സഹിതമാണ് 113 റണ്‍സാണെടുത്തത്.

അഞ്ചാം വിക്കറ്റില്‍ കെ എല്‍ രാഹുലിനൊപ്പം കൂട്ടിച്ചേര്‍ത്ത 164 റണ്‍സ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറില്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായി. എന്നാല്‍, ധോണിയുടെ ബാറ്റില്‍ നിന്ന് ശതകം കുറിച്ച സിക്സ് പിറന്നപ്പോള്‍ ആര്‍ത്തുല്ലസിച്ച ഇന്ത്യന്‍ ആരാധകരെക്കാള്‍ ആഘോഷമാക്കിയത് മറ്റൊരാളാണ്.

അത് മറ്റാരുമല്ല, ഇന്ത്യന്‍ നായകന്‍ വിരാട് കോലി തന്നെ. തന്‍റെ ടീമിലെ കളിക്കാരന്‍ സെഞ്ചുറി നേടിയതിന്‍റെ വികാമല്ല കോലിയുടെ ആഘോഷത്തിന് പിന്നിലെന്ന് ആ മുഖത്ത് നിന്ന് വായിച്ചെടുക്കാം. തലയുടെ സംഹാര താണ്ഡവം കണ്ട് രോമാഞ്ചം അടക്കാന്‍ സാധിക്കാത്ത ഒരു ആരാധകനായി വിരാട് കോലി മാറുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ വിരാട് കോലിയുടെ വീഡിയോ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്.