കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിനായി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തുടർന്ന് കുറ്റാരോപിതനായ ഉദ്യോ​ഗസ്ഥൻ പെൺകുട്ടിയെ അവളുടെ അമ്മായിയുടെ സാന്നിധ്യത്തിൽ പൊലീസ് സ്റ്റേഷനിലെ മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് പരാതി.

ലഖ്‌നൗ: ബലാത്സംഗത്തിനിരയായി (Gang rape) പരാതി പറയാനെത്തിയ 13കാരിയെ സ്റ്റേഷനിനുള്ളിൽവെച്ച് പൊലീസുകാരൻ ബലാത്സം​ഗം ചെയ്തതായി പരാതി. ഉത്തർപ്രദേശിലെ ലളിത്പൂരിൽ (Lalitpur) മൊഴി രേഖപ്പെടുത്താനെത്തിയ പെൺകുട്ടിയെ പൊലീസ് സ്‌റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ വീണ്ടും ബലാത്സംഗം ചെയ്തെന്നാണ് പരാതി. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 

പരാതിയെ തുടർന്ന് കുറ്റാരോപിതനായ ഉദ്യോഗസ്ഥനായ സ്റ്റേഷൻ ഹൗസ് ഓഫീസർ തിലക്ധാരി സരോജിനെ സസ്‌പെൻഡ് ചെയ്തു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. പെൺകുട്ടിയെ നാല് പേർ പ്രലോഭിപ്പിച്ച് ഏപ്രിൽ 22 ന് ഭോപ്പാലിലേക്ക് കൊണ്ടുപോയി നാല് ദിവസത്തോളം പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ പിതാവ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. നാല് ദിവസം പീഡിപ്പിച്ച ശേഷം പ്രതികൾ പെൺകുട്ടിയെ അവളുടെ ഗ്രാമത്തിലെ പൊലീസ് സ്റ്റേഷനിൽ ഉപേക്ഷിച്ച് മുങ്ങി. 

കുറ്റാരോപിതനായ പൊലീസ് ഉദ്യോ​ഗസ്ഥൻ പെൺകുട്ടിയെ അവളുടെ കുടുംബത്തിന് കൈമാറിയതാ‌യും എഫ്‌ഐ‌ആറിൽ പറയുന്നു. പിറ്റേദിവസം കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിനായി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തുടർന്ന് കുറ്റാരോപിതനായ ഉദ്യോ​ഗസ്ഥൻ പെൺകുട്ടിയെ അവളുടെ അമ്മായിയുടെ സാന്നിധ്യത്തിൽ പൊലീസ് സ്റ്റേഷനിലെ മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് പരാതി. പെൺകുട്ടിയുടെ അമ്മായിയെയും പ്രതി ചേർത്തു.

പോക്സോ പ്രകാരമാണ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തിട്ടുണ്ടെന്ന് ലളിത്പൂർ പൊലീസ് പറഞ്ഞു. സംഭവത്തിൽ എസ്‌എച്ച്‌ഒ‌യെ സസ്‌പെൻഡ് ചെയ്‌തതായി ലളിത്പൂർ പൊലീസ് മേധാവി നിഖിൽ പഥക് പറഞ്ഞു. പൊലീസ് ഉദ്യോ​ഗസ്ഥൻ ഒളിവിലാണ്. ഇയാളെ പിടികൂടാൻ ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടിയെ ആദ്യം ബലാത്സം​ഗം ചെയ്ത മൂന്ന് പേർ പിടിയിലായി.