ബെംഗലുരു: കാമുകന്റെ സഹായത്തോടെ 15കാരി അച്ഛനെ കുത്തിക്കൊന്ന് തീകൊളുത്തി. പ്രണയബന്ധം എതിർത്തത് കൊണ്ടാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം.

ഉറക്കുഗുളിക നൽകി മയക്കിക്കിടത്തിയ ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ചയാണ് സംഭവം. 41കാരനായ ബിസിനസുകാരനാണ് ദാരുണാന്ത്യം.

പുതുച്ചേരിയിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി പോയ ഭാര്യയെയും മകനെയും റെയിൽവെ സ്റ്റേഷനിൽ വിട്ടശേഷം തിരിച്ച് വീട്ടിലെത്തിയതായിരുന്നു ഇദ്ദേഹം. വീട്ടിൽ തിരിച്ചെത്തിയ അച്ഛന് മകൾ പാലിൽ മയക്കുഗുളിക ചേർത്ത് നൽകി. 

പിന്നീട് കാമുകന്റെ സഹായത്തോടെ കത്തിയെടുത്ത് കുത്തി. ഇതിന് ശേഷം മൃതദേഹം വലിച്ച് ശുചിമുറിയിൽ കൊണ്ടുപോയി തീയിട്ടു. വീട്ടിനകത്ത് നിന്ന് പുക ഉയരുന്നത് കണ്ട് അയൽവാസികൾ പൊലീസിനെയും ഫയർഫോഴ്‌സിനെയും വിളിച്ചു. ഇതോടെ പ്രതികളെ കൈയ്യോടെ പിടികൂടി.

കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തിൽ 10 തവണ കുത്തേറ്റിരുന്നു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. ഈയിടെ ഒരു മാളിൽ വച്ച് കാമുകനാണ് അച്ഛനെ കൊലപ്പെടുത്താനുള്ള പദ്ധതി 15കാരിക്ക് പറഞ്ഞുകൊടുത്തത്. പെൺകുട്ടി ഇത് അനുസരിക്കുകയായിരുന്നു.