ഗുഡ്ഗാവ്: ഹരിയാനയിലെ പുന്‍ഹാനയില്‍ 15കാരിക്കെതിരെ ഞെട്ടിക്കുന്ന ക്രൂരകൃത്യം. അഞ്ച് പേര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ഉപേക്ഷിച്ച ശേഷം, സഹായത്തിനെത്തിയ ആളും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ജൂലായ് 30നാണ് സംഭവമുണ്ടായത്. മാതാപിതാക്കളോടൊപ്പമെത്തിയ പെണ്‍കുട്ടി പുന്‍ഹാന പൊലീസില്‍ പരാതി നല്‍കി.

സംഭവത്തെക്കുറിച്ച് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി ഇങ്ങനെ. പരിചയക്കാരനും അയാളുടെ രണ്ട് സുഹൃത്തുക്കളും തട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ സ്ഥലത്ത് വച്ച് ബലാത്സംഗം ചെയ്തു. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പോയി. പിന്നീട് അതുവഴിയെത്തിയ കാറിലുള്ളവരോട് പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാന്‍ സഹായമഭ്യര്‍ഥിച്ചു.

എന്നാല്‍, ലിഫ്റ്റ് നല്‍കിയ കാറിലുള്ള രണ്ടു പേര്‍ ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ജൂലായ് 31ന് പെണ്‍കുട്ടിയെ തങ്ങളുടെ പഴയ വീട്ടില്‍നിന്ന് ബോധരഹിതയായ നിലയില്‍ കണ്ടെത്തിയെന്ന് പിതാവ് പറഞ്ഞു. ആദ്യമൊന്നും സംഭവം വെളിപ്പെടുത്താന്‍ പെണ്‍കുട്ടി തയ്യാറായില്ല. അമ്മ നിരന്തരം ചോദ്യം ചോദിച്ചതോടെ പെണ്‍കുട്ടി സംഭവം പറഞ്ഞു. തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചത്.