ധാക്ക: ഇന്ത്യയിലെ നിര്‍ഭയ കേസിന് സമാനമായി ബംഗ്ലാദേശില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച 'ബംഗ്ലാദേശ് നിര്‍ഭയ' കേസില്‍ ഒടുവില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി.  ബംഗ്ലാദേശില്‍ ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയ കൊലപാതക കേസില്‍ പ്രതികളായ 16 പേര്‍ക്ക്  വധശിക്ഷ വിധിച്ചു. കഴിഞ്ഞ ഏപ്രില്‍ 10നാണ് നസ്ത്രത്ത് ജഹാന്‍  റഫി എന്ന പതിനെട്ടുകാരി ക്രൂരമായി കൊല്ലപ്പെട്ടത്. മദ്രസാ അധ്യാപകനെതിരായ പീഡനപരാതി പിന്‍വലിക്കാത്തതിനാണ് 18 വയസുകാരിയെ സഹപാഠികളുള്‍പ്പടെ ഒരു സംഘം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്.

ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയ സംഭവത്തില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് മുന്നിലെത്തി കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് വാക്ക് നല്‍കിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് 27നാണ് മതപാഠശാല പ്രധാന അധ്യാപകന്‍റെ പീഡന ശ്രമത്തിന് നസ്രത് ഇരയാകുന്നത്. ധാക്കയില്‍ നിന്ന് 160 ഓളം കിലോമീറ്റര്‍ അകലെയുള്ള ഫെനി എന്ന ഗ്രാമത്തിലാണ് നസ്രത് ജീവിച്ചിരുന്നത്. ഫെനിയിലുള്ള മദ്രസയില്‍ പഠിച്ചിരുന്ന നസ്രത്തിനെ മദ്രസയിലെ പ്രധാന അധ്യാപകന്‍ മാര്‍ച്ച് 27ന് ഓഫീസ് മുറിയിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു

മദ്രസയില്‍ നിന്ന് ഓടി രക്ഷപ്പെട്ട നസ്രത്ത് വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ മാതാപിതാക്കളോടൊപ്പമെത്തി പരാതി നല്‍കി. എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും മോശം പ്രതികരണമാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥര്‍  മുഖത്ത് നിന്നും ഷാള്‍ മാറ്റുവാനും സുന്ദരമായ മുഖം കാണിക്കാനും ആവശ്യപ്പെട്ടു. മോശമായ ചോദ്യങ്ങള്‍ ചോദിച്ച് പെണ്‍കുട്ടിയെ അപമാനിച്ചു. ഈ ദൃശ്യങ്ങള്‍ പൊലീസുകാര്‍ മൊബൈലില്‍ പകര്‍ത്തി. പിന്നീട് മൊബൈല്‍ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബംഗ്ലാദേശില്‍ പ്രതിഷേധം ഇരമ്പി.

നസ്രത്തിന് നീതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ആയിരങ്ങള്‍ പ്രതിഷേധവുമായി എത്തി. ഇതോടെ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരനെതിരെ നടപടിയെടുത്തു. പ്രതിഷേധം കനത്തതോടെ  പീഡനക്കുറ്റത്തിന് മദ്രസാ പ്രധാന അധ്യാപകനായ മൗലാന സിറാജുദ്ദള്ളയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇയാളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക രാഷ്ട്രീയനേതാക്കളും മദ്രസയിലെ ഒരുവിഭാഗം വിദ്യാര്‍ത്ഥികളും രംഗത്ത് വന്നു. ഇതോടെ സംഭവം വലിയ വിവാദമായി. 

കേസില്‍ അറസ്റ്റ് ചെയ്ത പ്രധാന അധ്യാപകനെ കോടതി റിമാന്‍ഡ് ചെയ്തതോടെ നസ്രത്തിനെതിരെ ഭീഷണികളുയര്‍ന്നു. എന്നാല്‍ കേസില്‍ നിന്ന് പിന്മാറില്ലെന്നും പരാതി പിന്‍വലിക്കില്ലെന്നും നസ്ത്രത്ത് ഉറച്ച് നിന്നു. ഏപ്രില്‍ 16ന് മദ്രസയില്‍ പരീക്ഷ എഴുതാനെത്തിയ നസ്രത്തിനെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൊണ്ടു പോയി അധ്യാപകനെതിരായ പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നസ്രത്ത് പരാതി പിന്‍വലിക്കാന്‍ തയ്യാറായില്ല. ഇതോടെ വിദ്യാര്‍ത്ഥികള്‍ മണ്ണെണ്ണ ഒഴിച്ച് നസ്രത്തിനെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു.

ആത്രമഹത്യയാണെന്ന് ചിത്രീകരിക്കാനായിരുന്നു പ്രതികളുടെ നീക്കം. എന്നാല്‍ 80 ശതമാനം പൊള്ളലേറ്റ നസ്രത്തിനെ ഓടിയെത്തിയ സഹപാഠികളും സഹോദരനും ആശുപത്രിയിലെത്തിച്ചു. മരണക്കിടക്കയില്‍ സഹോദരന്‍റെ മൊബൈലില്‍ സംഭവിച്ച കാര്യങ്ങള്‍ നസ്രത്ത് അക്കമിട്ട് വിവരിച്ചു. ഇതോടെ കേസില്‍ 16 പ്രതികള്‍ പിടിയിലായി. 

ഗുരുതരമായി പൊള്ളലേറ്റ നസ്ത്രത്ത് ഏപ്രില്‍ 10ന് മരണത്തിന് കീഴടങ്ങി. ഏപ്രില്‍ 17ന് നസ്രത്തിനെ തീ കൊളുത്തിയ കേസിലെ മുഖ്യ പ്രതി താനും സുഹൃത്തുക്കളും ചേര്‍ന്നാണ് നസ്രത്തിനെ കൊലപ്പെടുത്തിയതെന്ന് കോടതിയില്‍ കുറ്റസമ്മതം നടത്തി. കൊലപാതകത്തിന് കാരണക്കാനായ അധ്യാപകന് മേല്‍ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.