ലക്നൗ: ഉത്തര്‍പ്രദേശില്‍  18കാരിയെ ഒടുന്ന കാറിനുള്ളില്‍ വച്ച് ജവാനും സഹോദരനും അടക്കമുള്ള നാല് പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. യുപിയിലെ ഔരയ്യ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവ് സംഭവം നടന്ന നവംബര്‍ 29ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഡിസംബര്‍ ഏഴിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവ് ഔരയ്യ എസ്പിയെ കണ്ട് നേരിട്ട് പരാതി പറഞ്ഞതിന് ശേഷമാണ് ലോക്കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായത്. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: നവംബര്‍ 29ന് കോച്ചിംഗ് സെന്‍ററിലേക്ക് ഇരുചക്ര വാഹനത്തില്‍ പോകുകയായിരുന്ന പെണ്‍കുട്ടിയെ ഉച്ചക്ക് രണ്ട് മണിയോടെ ജവാനും സഹോദരനുമടങ്ങുന്ന നാലംഗ സംഘം എസ്‍യുവി കാറില്‍ തട്ടിക്കൊണ്ടു പോയി. വിവിധ സ്ഥലങ്ങളില്‍ കറങ്ങി കാറിനുള്ളില്‍ നാല് പേരും പെണ്‍കുട്ടിയെ ഉപദ്രവിച്ചു. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് മണിക്കൂറിന് ശേഷം ആളൊഴിഞ്ഞ പ്രദേശത്ത് പെണ്‍കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. 

വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. തുടര്‍ന്ന് വനിതാ പൊലീസ് സ്റ്റേഷനില്‍ പിതാവ് പരാതിയുമായെത്തി. എന്നാല്‍, സ്റ്റേഷനില്‍ നിന്ന് ഇറങ്ങിപ്പോകാനാണ് പോലീസ് ആവശ്യപ്പെട്ടത്. സ്റ്റേഷന്‍ ഹൗസ് ഓഫീസറെ നേരിട്ട് കണ്ട് പരാതിപ്പെട്ടിട്ടും നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് പിതാവ് പറഞ്ഞു.ലോക്കല്‍ പൊലീസ് നടപടിയെടുക്കാന്‍ വിസ്സമ്മതിച്ചതോടെയാണ് പിതാവ് എസ്പിയെ സമീപിച്ചത്. മെഡിക്കല്‍  പരിശോധനയില്‍ കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നും അതേസമയം, മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി. കേസിലെ പ്രധാനപ്രതിയായ ജവാനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും എസ്പി പറഞ്ഞു.