ബെംഗളൂരു: പരപുരുഷ ബന്ധം ആരോപിച്ചുകൊണ്ടുള്ള ഭർത്താവിന്റെ നിരന്തര പീഡനത്തെ തുടർന്ന് പത്തൊമ്പതുകാരി സ്വന്തം വീട്ടിലെത്തി ജീവനൊടുക്കി. ബെംഗളൂരു വെങ്കടേശപുരത്തെ ദൊഡ്ഡണ്ണ ലേ ഔട്ടിലാണ് സംഭവം. കാടുഗൊണ്ടനഹളളിയിൽ താമസിക്കുന്ന റഫീക്കിന്റെ ഭാര്യ തസ്മിയ (19) ആണ് മരിച്ചത്. 

വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. തസ്മിയയുടെ പിതാവ് വസീർ ഷെരീഫ് നൽകിയ പരാതിയിൽ റഫീക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. എട്ടുമാസം മുൻപ് തസ്മിയയെ കാണാതായിരുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ നടത്തിയ തിരച്ചിലിൽ തസ്മിയയെ കണ്ടെത്താൻ വീട്ടുകാർക്ക് കഴിഞ്ഞിരുന്നില്ല. കുടുംബത്തിന്റെ അന്തസ്സ് ഓർത്താണ് അന്ന് പൊലീസിൽ പരാതിപ്പെടാതിരുന്നതെന്ന് ഷെരീഫ് പൊലീസിനോട് പറഞ്ഞു.

നഗരത്തിൽ പച്ചക്കറി വിൽപ്പനക്കാരനായ റഫീക്കിനെ വിവാഹം കഴിച്ചകാര്യം ആത്മഹത്യ ചെയ്യുന്നതിന് നാല് ദിവസം മുൻപ് വീട്ടിലെത്തിയ ശേഷമാണ് തസ്മിയ കുടുംബാംഗങ്ങളെ അറിയിക്കുന്നത്. റഫീക്കിൽ നിന്ന് പീഡനമേൽക്കേണ്ടി വന്നതിനെ കുറിച്ചും അയാൾ വേറെ വിവാഹം കഴിക്കുമെന്നറിയിച്ചതായും മകൾ വെളിപ്പെടുത്തിയിരുന്നതായി ഷെരീഫ് പൊലീസിനോട് പറഞ്ഞു.

ഇടയ്ക്ക് തങ്ങളുടെ ഒരു ബന്ധുവിനെ വിളിച്ച് താൻ സുഖമായിരിക്കുന്ന വിവരം അറിയിച്ചിരുന്നതല്ലാതെ എവിടെയാണെന്നോ വിവാഹക്കാര്യമോ തസ്മിയ അറിയിച്ചിരുന്നില്ലെന്നും  ഷരീഫ് പറയുന്നു.അറസ്റ്റിലായ റഫീക്കിനെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.