ചാലക്കുടി: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പത്തൊമ്പതുകാരിയെ  ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.  മോഡലാക്കാമെന്ന വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്ത കേസില്‍ കുടുങ്ങിയത് ചാലക്കുടി സ്വദേശിയായ വനിതാ ദല്ലാളുമാര്‍ ഉള്‍പ്പെടെ ആറുപേര്‍. ദമ്പതികളുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. കേസില്‍ ഇനിയും ആളുകള്‍ അറസ്റ്റിലാവാനുണ്ട്.

ആറുമാസത്തോളമായി നടക്കുന്ന ലൈംഗിക ചൂഷണം പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത് പത്തൊമ്പതുകാരിയായ പെണ്‍കുട്ടി പെരിന്തല്‍മണ്ണയില്‍ വച്ച് അസുഖബാധിതയായതോടെ. പകല്‍ സമയത്ത് മാത്രം നടന്നിരുന്ന ലൈംഗിക ദുരുപയോഗം പെണ്‍കുട്ടി ആശുപത്രിയിലായതോടെ വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വീട്ടുകാരുടെ ചോദ്യംചെയ്യലിലാണ് മാസങ്ങളായി നേരിട്ട ലൈംഗിക ചൂഷണം പെണ്‍കുട്ടി തുറന്നുപറയുന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ഒക്ടോബര്‍ അവസാനവാരം ആരംഭിച്ച അന്വേഷണം പുറത്തുകൊണ്ടുവന്നത് ഞെട്ടിക്കുന്ന സംഭവങ്ങള്‍.

സംഭവത്തെകുറിച്ച് ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷിന്‍റെ നേതൃത്വത്തിലുള്ള പതിമൂന്ന് അംഗസംഘത്തിലെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായ എസ് പി അനില്‍ വിശദമാക്കുന്നത് ഇങ്ങനെയാണ്.

ഫേസ്ബുക്കില്‍ സ്വന്തം ഐഡിയുപയോഗിച്ചുള്ള ചാറ്റിംഗില്‍ തുടങ്ങിയ ബന്ധം

കേസിലെ ഒന്നാം പ്രതിയായ വടാനപ്പള്ളി ചിറയത്ത് ചന്ദ്രമോഹന്‍ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പത്തൊമ്പതുകാരിയുമായി ബന്ധം സ്ഥാപിക്കുന്നത്. തുടര്‍ച്ചയായുള്ള ചാറ്റിംഗിലൂടെ പെണ്‍കുട്ടിയുടെ വിശ്വാസം നേടിയ ചന്ദ്രമോഹന്‍ ദല്ലാളുമാരായ വഴേലിപറമ്പില്‍ അനീഷ്കുമാര്‍ ഭാര്യ ഗീതു എന്നിവരുടെ സഹായത്തോടെ പെണ്‍കുട്ടിയെ ചാലക്കുടിയില്‍ വച്ച് കണ്ടുമുട്ടി. ഇവിടെ നിന്നും പെണ്‍കുട്ടിയെ തന്ത്രപരമായി സംഘം അത്താണിയിലെ ലോഡ്ജിലെത്തിച്ചു. ഇവിടെ വച്ച് പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും ഇതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പെണ്‍കുട്ടിയെ വരുതിയിലാക്കാന്‍ സഹായിച്ച അനീഷ്കുമാറിനും ഗീതുവിനും വന്‍തുകയാണ് ചന്ദ്രമോഹന്‍ നല്‍കിയത്. 

ദൃശ്യങ്ങളുപയോഗിച്ച് ഭീഷണി
പെണ്‍കുട്ടിയെ പിന്നീട് അനീഷ്കുമാറും ഭാര്യ ഗീതുവും ചേര്‍ന്ന് ഭീഷണിപ്പെടുത്തി പലരില്‍ നിന്നും പണം വാങ്ങി ദുരുപയോഗം ചെയ്യാന്‍ കൂട്ടുനിന്നു. പകല്‍ സമയത്ത് മാത്രമായിരുന്നു കൊണ്ടുപോവുന്നത് എന്നതിനാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് സംഭവം ശ്രദ്ധയില്‍പ്പെട്ടില്ല. തൃശ്ശൂരും ചാലക്കുടിയിലുമുള്ള പല അനാശാസ്യ സംഘങ്ങളും പെണ്‍കുട്ടിയെ ഉപയോഗിച്ച് പണമുണ്ടാക്കി.

ആശുപത്രിവാസം രക്ഷയാവുന്നു
തൃശ്ശൂരെ കുപ്രസിദ്ധ സെക്സ് റാക്കറ്റ് പെണ്‍കുട്ടിയെ മലപ്പുറം പെരിന്തല്‍മണ്ണയിലെ ഒരു സംഘത്തിന് നല്‍കിയത് സെപ്തംബറിലാണ്. ഇവിടെ വച്ച് കുട്ടി അസുഖബാധിതയായി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നു. കുട്ടി വീട്ടിലെത്താത്തത് ശ്രദ്ധയില്‍പ്പെട്ട് വീട്ടുകാര്‍ കാര്യം തിരക്കുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടി ആശുപത്രിയില്‍ സഹായത്തിനായി കാമുകനെ വിളിക്കുന്നത്. കാമുകന്‍ കുട്ടി ആശുപത്രിയിലാണെന്ന വിവരം വീട്ടുകാരെ അറിയിക്കുന്നു. വീട്ടുകാര്‍ ആശുപത്രിയിലെത്തി പെണ്‍കുട്ടിയെ ചോദ്യം ചെയ്തതോടെയാണ് മാസങ്ങള്‍ നീണ്ട ലൈംഗിക ദുരുപയോഗം പെണ്‍കുട്ടി തുറന്ന് പറയുന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ചന്ദ്രമോഹനെ തന്ത്രപരമായി പിടികൂടിയതോടെയാണ് സംഭവത്തേക്കുറിച്ചും തൃശ്ശൂര്‍ മലപ്പുറം ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന സംഘത്തേക്കുറിച്ചും വിവരം ലഭിക്കുന്നത്.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതും ദല്ലാളുമാരായ ആളുകളും ഉള്‍പ്പെടെ ആറുപേരെ പിടികൂടി. ഇവരില്‍ രണ്ട് വനിതാ ദല്ലാളുമാരും ഉള്‍പ്പെടുന്നു. കേസില്‍ ഇനിയും ആളുകള്‍ അറസ്റ്റിലാവുമെന്ന് എസ് പി വ്യക്തമാക്കി.