കൃഷിയിടങ്ങളിലെ പവര്‍ കേബിളുകള്‍ മോഷണം പോവുന്നത് പതിവായതോടെ നാട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് പ്രതീക്ഷിച്ച ഉത്സാഹം ഉണ്ടാവാതെ വന്നതോടെ നാട്ടുകാര്‍ സംഘടിച്ച് കള്ളന്മാരെന്ന് സംശയിക്കുന്നവരെ കയ്യോടെ പിടികൂടുകയായിരുന്നു

ഭട്ടിന്‍ഡ: മോഷണം ആരോപിച്ച് രണ്ട് പേരെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് നാട്ടുകാര്‍. പഞ്ചാബിലെ ഭട്ടിന്‍ഡയിലാണ് സംഭവം. കൃഷിയിടങ്ങളില്‍ സ്ഥാപിച്ച മോട്ടോറുകളിലെ വൈദ്യുതി കേബിളുകള്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഇവര്‍ മോഷ്ടിച്ചതായി പറയുന്ന കേബിളുകള്‍ കൊണ്ട് തന്നെയാണ് ഇവരെ മരത്തില്‍ കെട്ടിയിട്ടതും. കൃഷിയിടങ്ങളിലെ പവര്‍ കേബിളുകള്‍ മോഷണം പോവുന്നത് പതിവായതോടെ നാട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു.

എന്നാല്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് പ്രതീക്ഷിച്ച ഉത്സാഹം ഉണ്ടാവാതെ വന്നതോടെ നാട്ടുകാര്‍ സംഘടിച്ച് കള്ളന്മാരെന്ന് സംശയിക്കുന്നവരെ കയ്യോടെ പിടികൂടുകയായിരുന്നു. ഇവരുടെ കയ്യില്‍ നിന്ന് മോഷണ മുതലും നാട്ടുകാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരെ പൊലീസിന് കൈമാറി. ഇവരെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്ദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.

വീഡിയോ പുറത്ത് വന്നതിന് പിന്നാലെ സംഭവത്തില്‍ ഇവരെ ആക്രമിച്ച നാട്ടുകാര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. വൈറലായ വീഡിയോയിലുള്ള ആളുകളില്‍ ചിലരെ ഇതിനോടകം അറസ്റ്റ് ചെയ്തതായും ഭട്ടിന്‍ഡ എസ് പി അജയ് ഗാന്ധി വിശദമാക്കി. നിയമം കയ്യിലെടുത്ത് പെരുമാറരുതെന്ന് ജനങ്ങളോട് പൊലീസ് സൂപ്രണ്ട് ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം