മുംബൈ: ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച ദളിത് യുവാവിനെ പിതാവും ബന്ധുക്കളും ചേര്‍ന്ന് തല്ലിക്കൊന്നു. പൂണെയിലെ പിമ്പിൾ സൗദാ​ഗറിലാണ് സംഭവം. ഇരുപതുകാരനായ വിരാജ് വിലാസ് ജഗ്താപ് ആണ് കൊല്ലപ്പെട്ടത്. 

ജൂൺ 7ന് രാത്രിയാണ് സംഭവം നടന്നത്. സംഭവ ദിവസം ബൈക്കില്‍ വരുകയായിരുന്ന വിരാജിനെ ടെംമ്പോയിൽ എത്തിയ പ്രതികള്‍ പിന്തുടർന്നു. പിന്നീട് ഇരുമ്പുവടി ഉപയോഗിച്ച് വിരാജിനെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികളിലൊരാള്‍ ഇരുമ്പുദണ്ഡുകൊണ്ടും ബാക്കിയുള്ളവര്‍ കല്ല് ഉപയോഗിച്ചും വിരാജിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 

ആക്രമണത്തിന് ശേഷം യുവാവിനെ വഴിവക്കില്‍ ഉപേക്ഷിച്ച് പ്രതികള്‍ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇതുവഴി വന്ന നാട്ടുകാർ ഗുരുതരാവസ്ഥയിലായ യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ വിരാജ് മരണപ്പെട്ടു. കൊലപാതകവുമായി ബന്ധപ്പെട്ട് വിരാജിന്റെ അമ്മാവന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

പിന്നാലെ പെൺകുട്ടിയുടെ പിതാവ് ജഹ്ദീഷ് കാട്ടെ, പ്രായപൂര്‍ത്തിയാകാത്ത രണ്ട് യുവാക്കളും ഉള്‍പ്പടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. കൊലപാതക കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ അറിയിച്ചു.