കൊച്ചി: കൊച്ചിയിൽ നിന്ന് 200 കോടിയുടെ  മയക്കുമരുന്ന് വിദേശത്തേക്ക് കടത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അലി എന്ന അബ്ദുൾ റഹ്മാൻ ഒടുവിൽ വലയിലായിരിക്കുന്നു. എയർ കാ‍ർഗോയിൽ കടത്താൻ ശ്രമിച്ച 30  കിലോയിലധികം വരുന്ന എംഡിഎംഎ 2019 സെപ്തംബർ 29ന് ആണ് കൊച്ചിയിൽ എക്സൈസ് പിടികൂടിയത്. ഉടമകളില്ലാതെ കിടന്ന 64 പായ്ക്കറ്റുകൾക്കുള്ളിൽ കോടികളുടെ മയക്കുമരുന്നാണെന്ന് പാഴ്സൽ കമ്പനി എക്സൈസിനെ അറിയിച്ചതോടെയാണ് വൻ മയക്കുമരുന്ന് കടത്തിന്റെ ചുരുൾ അഴിയാൻ തുടങ്ങിയത്.  എക്സൈസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നു അത്. 

Read More: 200 കോടിയുടെ മയക്കുമരുന്ന് കേസ്; ഒരു കൊല്ലത്തിന് ശേഷം മുഖ്യപ്രതി എക്സൈസിന്റെ പിടിയിൽ

ലോക വ്യാപകമായി നിരോധിക്കപ്പെട്ട മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ എന്ന മയക്കുമരുന്ന് ഇത്രയും വ്യാപകമായ അളവിൽ കടത്താൻ ശ്രമിച്ച സംഘത്തിലെ മുഖ്യകണ്ണി ഒരു വർഷം പിന്നിടുമ്പോഴാണ് എക്സൈസിന്റെ പിടിയിലാകുന്നത്. തമിഴ്നാട് കേന്ദ്രകരിച്ച് പ്രവർത്തിക്കുന്ന വൻ മയക്കുമരുന്ന് റാക്കറ്റിന് പിന്നിലെ പ്രധാന ബുദ്ധികേന്ദ്രമായിരുന്ന പ്രതി കുടുങ്ങിയത് വിമാനത്താവളത്തിലെ ലുക്ക് ഔട്ട് നോട്ടീസിലൂടെയാണ്. കസ്റ്റഡിയിലെടുത്ത സമയവും അലിയുടെ പക്കൽ 20 ലക്ഷം രൂപയുടെ അനധികൃത സ്വർണമുണ്ടായിരുന്നു. വൻ മയക്കുമരുന്ന് കടത്തിന് പിന്നിലെ മുഖ്യസൂത്രധാരനിലേക്ക് എത്തിയ അന്വേഷണത്തിന്റെ നാൾ വഴികൾ ഇങ്ങനെ... 

ഒളിവിലും വിദേശയാത്രകൾ, ഒടുവിൽ കുരുക്കായി ലുക്ക് ഔട്ട് നോട്ടീസ്

 

200 കോടിയുടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതിന് പിന്നിലെ മുഖ്യസൂത്രധാരൻ ചെന്നൈ സ്വദേശി അലിയാണെന്ന് അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ എക്സൈസ് തിരിച്ചറിഞ്ഞിരുന്നു.  മയക്കുമരുന്ന് കടത്തിനായി കൊച്ചിയിലെത്തിയ അലിക്കൊപ്പം പ്രശാന്ത് എന്ന കണ്ണൂർ സ്വദേശിയും ഉണ്ടായിരുന്നു. എംജി റോഡിലെ ലോഡ്ജിലായിരുന്നു ഇരുവരുടെയും  താമസം. ഇവിടെ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. ഇത് വഴി പ്രശാന്തിനെ കുടുക്കാനായെങ്കിലും അലി അദൃശ്യനായി തുടർന്നു.

ചെന്നൈ മുതൽ കംബോഡിയ വരെ. ഒളിയിടങ്ങൾ നിരവധി

 

തമിഴ്നാട് ശിവഗംഗ സ്വദേശിയായിരുന്നു അലി. ഇവിടെയും ചെന്നൈയിലും അന്വേഷണ ഉദ്യോഗസ്ഥർ എത്തി. എന്നാൽ പ്രശാന്ത് അറസ്റ്റിലായതോടെ അലി ഒളിവിൽ പോയി. സ്വദേശമായ ചെന്നൈയിൽ നിന്ന്  മലേഷ്യ, കംബോഡിയ എന്നിവിടങ്ങളിലേക്കും ഈ സമയങ്ങളിൽ അലി യാത്ര ചെയ്തു. പ്രതി വിദേശത്തേക്ക് കടന്നുവെന്ന സൂചനകൾ ലഭിച്ചതോടെ എക്സൈസ് രാജ്യത്തെ പ്രധാന വിമാനത്താവളങ്ങിൽ ലുക്ക് ഓട്ട് നോട്ടീസ് ഇറക്കി. ഒടുവിൽ മലേഷ്യയിൽ നിന്ന് ചെന്നൈയിലേക്കുള്ള തിരിച്ചു വരവിൽ തിരുച്ചിറപ്പള്ളിയിൽ  നിന്ന് അലി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വലയിലാകുകയായിരുന്നു.

ലുക്ക് ഔട്ട് നോട്ടീസിലൂടെ വലയിലാകുന്ന ആദ്യ പ്രതി

 

ഇതാദ്യമായാണ് ലുക്ക് ഓട്ട് നോട്ടീസിലൂടെ മയക്കുമരുന്ന് കേസിലെ പ്രതി പിടിയിലാകുന്നതെന്ന് പൊലീസ് പറയുന്നു. തിരുച്ചിറപ്പള്ളിയിലെ വിമാനത്താവളത്തിൽ ഇറങ്ങിയ അലിയെ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ ആണ് തിരിച്ചറിഞ്ഞത്. 20  ലക്ഷം രൂപയുടെ സ്വർണവും ഇയാളിൽ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തു. ഇവർ വിവരം എമിഗ്രേഷൻ വിഭാഗത്തെയും, എമിഗ്രേഷൻ വിഭാഗം തുടർന്ന് എക്സൈസ് സംഘത്തെയും അറിയിച്ചു.

കേസ് അന്വേഷണത്തിന്റെ ചുമതലയുണ്ടായിരുന്നു എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ട്രിച്ചിയിലെത്തി അലിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തമിഴ്നാട് പൊലീസ്, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ, എയർപോർട്ട് കസ്റ്റംസ് തുടങ്ങിയവരുടെ സംയുക്തമായ പ്രവർത്തനം ആണ് പ്രതിയെ കുടുക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. 

മയക്കുമരുന്ന് വേട്ടയ്ക്ക് പിന്നിൽ വൻ സ്രാവുകൾ?

 

ആർക്ക് വേണ്ടിയാണ് മയക്കുമരുന്ന് നടത്തിയത് എന്നത് സംബന്ധിച്ച വിവരം എക്സൈസിന് ലഭിച്ചതായാണ് സൂചന.  അലിയിൽ നിന്ന് ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന  മയക്കുമരുന്ന് സംഘത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. തമിഴ്നാട്ടിലെ അന്വേഷണങ്ങൾക്കായി അവിടെയുള്ള ഏജൻസികളുടെ സഹായവും എക്സൈസ് തേടും. അലിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് എക്സൈസ്.