വിവിധ മതവിഭാഗത്തിൽപ്പെട്ട സഹപാഠികളും സുഹൃത്തുക്കളുമായ ആൺകുട്ടിയെയും പെൺകുട്ടിയെയും കാറില്‍ വന്നെത്തിയ ആക്രമി സംഘം ബസില്‍ നിന്നും  പിടിച്ചിറക്കിയ ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു

ബെംഗളൂരു: ഇതര മതത്തിലെ പെണ്‍കുട്ടിക്കൊപ്പം യാത്രചെയ്തെന്നാരോപിച്ച് ബസ് തടഞ്ഞ് നിര്‍ത്തി യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മംഗലാപുരത്തിനടുത്താണ് സംഭവം. മംഗലാപുരം സ്വദേശിയായ 23 കാരനെയാണ് കാറിലെത്തിയ സംഘം ബസില്‍ നിന്നും പിടിച്ചിറക്കി മര്‍ദ്ദിക്കുകയും കത്തികൊണ്ട് കുത്തുകയും ചെയ്തത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

സംഭവുമായി ബന്ധപ്പെട്ട് നാല് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. വിവിധ മതവിഭാഗത്തിൽപ്പെട്ട സഹപാഠികളും സുഹൃത്തുക്കളുമായ ആൺകുട്ടിയെയും പെൺകുട്ടിയെയും കാറില്‍ വന്നെത്തിയ ആക്രമി സംഘം ബസില്‍ നിന്നും പിടിച്ചിറക്കിയ ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് എട്ടോളം പേരെ പൊസീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തങ്ങള്‍ സഹപാഠികളാണെന്നും വര്‍ഷങ്ങളായി പരിചയമുള്ളവരാണെന്നും പെണ്‍കുട്ടി പൊലീസിനോട് വ്യക്തമാക്കി. പ്രതികള്‍ക്കതെിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയും യുവാവും ഒരുമിച്ച് സംഞ്ചരിക്കുന്നത് ആരാണ് അക്രമികളെ അറിയിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചാണ് അന്വേഷണം.