മദ്യത്തിന്റെയോ മറ്റ് ലഹരി പദാര്‍ത്ഥങ്ങളോ ഉപയോഗിച്ചാണോ ഇയാള്‍ വാഹനം ഓടിച്ചതെന്ന് കണ്ടെത്താന്‍ ഇയാളുടെ രക്ത സാംപിളുകളും ശേഖരിച്ചിട്ടുണ്ട്

മുംബൈ: പ്രഭാത നടത്തത്തിനിറങ്ങിയ ടെക് കമ്പനി സിഇഒയെ ഇടിച്ച് തെറിപ്പിച്ച 23കാരന്‍ അറസ്റ്റില്‍. ഞായറാഴ്ച പ്രഭാത നടത്തം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയേയാണ് അമിത വേഗത്തിലെത്തിയ ടാറ്റ നെക്സോണ്‍ ഇവി കാര്‍ ഇടിച്ച് തെറിപ്പിച്ചത്. ആൾട്രൂയിസ്റ്റ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ ആയിരുന്ന രാജലക്ഷ്മി രാം കൃഷ്ണനാണ് റോഡ് അപകടത്തില്‍ കൊല്ലപ്പെട്ടത്. വാഹനം ഓടിച്ചിരുന്ന 23കാരനായ സുമേര്‍ മര്‍ച്ചന്‍റിനും അപകടത്തില്‍ പരിക്കേറ്റിരുന്നു.

ഇയാളെ ഇന്ത്യന്‍ ശിക്ഷാ നിയമം 304 അനുസരിച്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും. മദ്യത്തിന്റെയോ മറ്റ് ലഹരി പദാര്‍ത്ഥങ്ങളോ ഉപയോഗിച്ചാണോ ഇയാള്‍ വാഹനം ഓടിച്ചതെന്ന് കണ്ടെത്താന്‍ ഇയാളുടെ രക്ത സാംപിളുകളും ശേഖരിച്ചിട്ടുണ്ട്. മുംബൈയിലെ വോർളി മേഖലയില്‍ വച്ചാണ് അപകടമുണ്ടായത്. ദാദർ മാട്ടുംഗ പ്രദേശവാസിയാണ് രാജലക്ഷ്മി.

വോർളി മിൽക്ക് ഡെയറിക്ക് സമീപമാണ് അപകടമുണ്ടായത്.യുവതിയെ അടുത്തുള്ള പോഡാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുംബൈയിലെ തന്നെ ടാര്‍ഡിയോ മേഖലയിലെ സ്വകാര്യം കമ്പനി ജീവനക്കാരനാണ് അറസ്റ്റിലായ യുവാവ്. 

ഇടിയുടെ ആഘാതത്തില്‍ വായുവിലേക്ക് ഉയര്‍ന്ന തെറിച്ച ശേഷം രാജലക്ഷ്മി താഴേക്ക് വീഴുകയായിരുന്നു. രാജലക്ഷ്മിയുടെ തലയ്ക്കാണ് പരിക്കേറ്റത്. മുംബൈ മാരത്തണില്‍ അടക്കം പങ്കെടുക്കുന്ന സ്ഥിരം ആളായിരുന്നു ആയിരുന്നു രാജലക്ഷ്മി. അടുത്തിടെ ടാറ്റ മുംബൈ മാരത്തൺ 2023 ൽ പങ്കെടുത്ത രാജലക്ഷ്മി ശിവാജി പാർക്കിൽ നിന്നുള്ള ഒരു ജോഗർ ഗ്രൂപ്പിന്റെ ഭാഗമായി രാജലക്ഷ്മി പങ്കെടുത്തിരുന്നു.