വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെ കുറിച്ച് പൊലീസിനും എക്‌സൈസിനും ലഭിക്കുന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വയനാട്ടിലെ സ്‌കൂള്‍ കോളേജ് പരിസരങ്ങളില്‍ നിരന്തരമായ പരിശോധനയാണ് ഉദ്യോഗസ്ഥര്‍ നടത്തി വരുന്നത്.

കല്‍പറ്റ: വയനാട്ടില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ പിടികൂടിയത് വലിയ രീതിയിലുള്ള മയക്കുമരുന്ന കടത്ത്. പൊലീസും എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കടത്തുകാർ വലയിലായത്. എം.ഡി.എം.എ കടത്തുന്നതിനിടെ പാലക്കാട് സ്വദേശിയായ യുവാവ് ആണ് പൊലീസ് പിടിയിലായിരിക്കുന്നത്. മണ്ണാര്‍ക്കാട് ചോയിക്കല്‍ വീട്ടില്‍ രാഹുല്‍ ഗോപാലന്‍ (28) നെ കല്‍പറ്റ പൊലീസാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകുന്നേരം കല്‍പറ്റക്കടുത്ത റാട്ടക്കൊല്ലിയില്‍ വെച്ചാണ് യുവാവ് പിടിയിലായത്. ഇയാളില്‍ നിന്നും 1.540 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തിട്ടുണ്ട്. എസ്.ഐ കെ.എ. അബ്ദുള്‍ കലാം, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ നജീബ്, സുമേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ലിന്‍രാജ്, ശ്രീരാഗ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

ഏതാനും ദിവസങ്ങൾക്ക് മുന്‍പാണ് വയനാട്ടിൽ വിദ്യാർത്ഥികൾക്കടക്കം മയക്കുമരുന്ന് വിൽപ്പന നടത്തിവന്ന യുവാവിനെ എക്സൈസ് പിടികൂടിയത്. മുട്ടില്‍ കൊറ്റന്‍കുളങ്ങര വീട്ടില്‍ വിനീഷ് (28) ആണ് അറസ്റ്റിലായത്. ഇയാള്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മാരകമയക്കുമരുന്നായ എം.ഡി.എം.എ വില്‍പ്പന നടത്തിവരികയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വിശദമാക്കിയത്. എക്‌സൈസ് ഇന്റലിജന്‍സും സുല്‍ത്താന്‍ബത്തേരി റേഞ്ച് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്

മീനങ്ങാടി ചെണ്ടക്കുനി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് വിനീഷ് പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് വലിയ അളവില്‍ എം.ഡി.എം.എ എത്തിച്ച് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് വില്‍പ്പന നടത്തി വരികയായിരുന്നു വിനീഷ് എന്ന് എക്‌സൈസ് അറിയിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെ കുറിച്ച് പൊലീസിനും എക്‌സൈസിനും ലഭിക്കുന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വയനാട്ടിലെ സ്‌കൂള്‍ കോളേജ് പരിസരങ്ങളില്‍ നിരന്തരമായ പരിശോധനയാണ് ഉദ്യോഗസ്ഥര്‍ നടത്തി വരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം