കട്ടക്: 48 മണിക്കൂറിനുള്ളില്‍ നടന്ന മൂന്ന് കൊലപാതകങ്ങളില്‍ ഞെട്ടി വിറച്ച് ഒഡീഷ. കട്ടകിലെ തെരുവില്‍ ഉറങ്ങിക്കിടന്ന മൂന്ന് പേരെയാണ് അജ്ഞാതനായ 'സൈക്കോ കില്ലര്‍' കഴുത്തറുത്തും തലക്കടിച്ചും കൊലപ്പെടുത്തിയത്. 

ചൊവ്വാഴ്ച രാവിലെ റാണിഹത് പാലത്തിന് പാലത്തിന് സമീപത്ത് നിന്നാണ് ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് ബുധനാഴ്ച രാവിലെ ശ്രീരാമചന്ദ്ര ബഞ്ച് മെഡിക്കല്‍ കോളേജിനും ഒഎംപി മാര്‍ക്കറ്റിനും സമീപത്തുനിന്നും മറ്റ് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുക്കുകയായിരുന്നു. കഴുത്തറത്ത ശേഷം ഭാരമുള്ള വസ്തു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

 മൂന്ന് കൊലപാതകങ്ങളും ഒരേ രീതിയില്‍ നടത്തിയതിനാല്‍ കൃത്യത്തിന് പിന്നില്‍ ഒരാള്‍ തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചതായും ഡിസിപി അഖിലേഷ്വര്‍ സിങ് പറഞ്ഞു. 1998-ല്‍ ബെര്‍ഹാംപൂരില്‍ ഒമ്പത് പേരെ തലക്കടിച്ച് കൊന്ന സ്റ്റോണ്‍മാന്‍ മോഡലിലുള്ള കൊലപാതകങ്ങളാണ് ഇപ്പോള്‍ നടന്നതെന്നും പൊലീസ് അറിയിച്ചു.