കൊല്ലം: കൊല്ലം കണ്ണനല്ലൂരിൽ കുടുംബ വഴക്കിനിടെ മൂന്ന് വയസുകാരിക്ക് പൊള്ളലേറ്റു. 35 ശതമാനത്തിലേറെ പൊള്ളലേറ്റ കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ അപ്പൂപ്പനെയും അച്ഛന്റെ സഹോദരിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. 

മുംബൈ സ്വദേശിനിയായ യുവതിയും കുട്ടികളും കഴിഞ്ഞ ഒരു വർഷമായി ഭർത്താവിന്റെ വീട്ടിലാണ് താമസം. മറ്റൊരു മതത്തിൽ പെട്ട യുവതിയെ ഭർത്താവിന്റെ വീട്ടുകാർ അംഗീകരിച്ചിരുന്നില്ല. ഇതിന്റെ പേരിൽ സ്ഥിരമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇന്നലെയും പ്രശ്നങ്ങൾ ഉണ്ടായി. മൂത്ത കുട്ടിയെ അച്ഛന്റെ അച്ഛൻ അടിക്കുകയും യുവതിയെ ഭർത്താവിന്റെ സഹോദരി കത്തികൊണ്ട് വരയുകയും ചെയ്തു.

ഇതേക്കുറിച്ച് തർക്കം നടക്കുന്നതിനിടയിൽ അടുപ്പിലിരുന്ന മീൻകറി മറിഞ്ഞു വീഴുകയായിരുന്നു. യുവതിയുടെ ഒക്കത്തിരുന്ന കുഞ്ഞിനാണ് പൊള്ളലേറ്റത്. കുട്ടിയുടെ അപ്പൂപ്പനും അച്ഛന്റെ സഹോദരിക്കും എതിരെ കൊലപാതക ശ്രമം അടക്കം വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുള്ളത്.