3 വയസുകാരി രാത്രി മെട്രോ സ്റ്റേഷന് കീഴിൽ കിടന്ന് ഉറങ്ങുകയായിരുന്നപ്പോഴാണ് ഈ ക്രൂര കൃത്യം നടന്നതെന്ന് പൊലീസ് പറഞ്ഞു.

ലഖ്‌നൗ: ഉത്ത‍‌ർപ്രദേശിൽ മൂന്ന് വയസ്സുള്ള പെൺകുട്ടി ബലാത്സംഗത്തിന് ഇരയായി ഗുരുതരാവസ്ഥയിൽ. ബുധനാഴ്ച്ച രാത്രിയാണ് സംഭവം. ദിവസ വേതനക്കാരായ ദമ്പതികളുടെ മകളാണ് പെൺകുട്ടി. 3 വയസുകാരി രാത്രി മെട്രോ സ്റ്റേഷന് കീഴിൽ കിടന്ന് ഉറങ്ങുകയായിരുന്നപ്പോഴാണ് ഈ ക്രൂര കൃത്യം നടന്നതെന്ന് പൊലീസ് പറഞ്ഞു. മാതാപിതാക്കൾ ഉറങ്ങിക്കിടക്കുമ്പോൾ പ്രതി പെൺകുട്ടിയെ കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ബലാത്സംഗം ചെയ്തതായി പൊലീസ് പറഞ്ഞു.

സംഭവത്തെത്തുടർന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആശിഷ് കുമാർ ശ്രീവാസ്തവ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘം ബുധനാഴ്ച രാത്രി തന്നെ കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിച്ചു. പെൺകുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ അവിടെ നിന്ന് തുട‌ർ ചികിത്സയ്ക്കായി ഒരു ഉന്നത മെഡിക്കൽ സെന്ററിലേക്ക് റഫർ ചെയ്തു. പെൺ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.