മറ്റൊരു അടിപിടി കേസിന്‍റെ വിചാരണയ്ക്ക് കോടതിയില്‍ പോയ ശേഷമാണ് മൂവരും പാലായിലെ ബാറില്‍ എത്തിയത്

പാലാ: കോട്ടയം പാലായിലെ ബാറിൽ കഴിഞ്ഞ ദിവസമുണ്ടായ അടിപിടി കേസില്‍ 3 പേർ അറസ്റ്റില്‍. ഇവർ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് വിശദമാക്കുന്നത്. ലഹരിക്കച്ചടവും അടിപിടിയും ഉൾപ്പെടെയുള്ള കേസുകളില്‍ പ്രതികളായ യുവാക്കള്‍ക്ക് കേവലം 22 വയസ് മാത്രമാണ് പ്രായം. ഏറ്റുമാനൂര്‍ സ്വദേശികളായ മൂന്നു പേരെയാണ് കഴിഞ്ഞ ദിവസം പാലായിലെ ബാറിനു മുന്നിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. 

നിക്കോളാസ്, അനന്തകൃഷ്ണന്‍, അലക്സ് പാസ്കല്‍ എന്നീ യുവാക്കളുടെ പ്രായം 22 വയസ് മാത്രം. മറ്റൊരു അടിപിടി കേസിന്‍റെ വിചാരണയ്ക്ക് കോടതിയില്‍ പോയ ശേഷമാണ് മൂവരും പാലായിലെ ബാറില്‍ എത്തിയത്. ഇവിടെ മദ്യപിച്ച ശേഷം പുറത്തിറങ്ങിയ യുവാക്കള്‍ അവിടെയുണ്ടായിരുന്ന മറ്റ് ചില യുവാക്കളോട് വാഹനത്തില്‍ വീട്ടില്‍ കൊണ്ടുവിടണമെന്ന ആവശ്യം ഉന്നയിച്ചു. യുവാക്കള്‍ ഇത് നിഷേധിച്ചു. ഇതോടെ നിക്കോളാസും, പാസ്കലും, അനന്തകൃഷ്ണനും ചേര്‍ന്ന് അക്രമം അഴിച്ചു വിടുകയായിരുന്നെന്ന് പൊലീസ് പറയുന്നത്. ചെടിച്ചട്ടിയും കമ്പിവടിയും കൊണ്ടായിരുന്നു ആക്രമണം. സ്ഥലത്തെത്തിയ പൊലീസ് സംഘം ഏറെ പണിപ്പെട്ടാണ് ഇവരെ കീഴ്പ്പെടുത്തിയത്.

അലക്സ് പാസ്കലിനെതിരെ ഗാന്ധിനഗർ, ഏറ്റുമാനൂർ, പീരുമേട്, കുറവിലങ്ങാട്, മേലുകാവ്, ചേർപ്പ് എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് കേസുളളത്. നിക്കോളാസിന് ഏറ്റുമാനൂരിലും, മേലുകാവിലും, ചേര്‍പ്പിലും കേസുണ്ട്. അനന്തകൃഷ്ണന്‍ ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലെ വിവിധ കേസുകളില്‍ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ മൂന്നു യുവാക്കളെയും റിമാന്‍ഡ് ചെയ്തു.

സമാനമായ മറ്റൊരു സംഭവത്തില്‍ പൊതുസ്ഥലത്ത് മദ്യപിച്ചത് ചോദ്യം ചെയ്ത യുവാക്കളെ തല്ലിച്ചതച്ചെന്ന കേസിൽ പ്രതി കൊല്ലം കിളികൊല്ലൂരിൽ പിടിയിൽ. പേരൂർ സ്വദേശിയായ 32കാരൻ പ്രമോദാണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. പൊതുസ്ഥലത്തിരുന്ന് പ്രമോദ് മദ്യപിക്കുന്നത് നാട്ടുകാരനായ ബിനുമോൻ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ പ്രമോദ് രാത്രി ബിനുവിന്‍റെ വീട്ടിലെത്തി. ബിനുവിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അഖിലിനെയും അസഭ്യം പറയുകയും മർദിക്കുകയും ചെയ്യുകയായിരുന്നു. ഓടയിൽ തള്ളിയിട്ടശേഷം ഇരുന്പ് കമ്പി വടി കൊണ്ടാണ് അടിച്ചത്. തലയിൽ ആഴത്തിൽ മുറിവുണ്ടായതിനെ തുടർന്ന് അഖിലിന്‍റെ തലയിൽ 26 തുന്നൽ ഇടേണ്ടി വന്നിരുന്നു.

മദ്യം കിട്ടാത്തതിന് തോക്ക് ചൂണ്ടി ഭീഷണി; നാല് യുവാക്കള്‍ പൊലീസ് കസ്റ്റഡിയില്‍, എയർഗൺ കണ്ടെടുത്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player