ഹസോങ് (ദക്ഷിണ കൊറിയ): കേസുകള്‍ നോക്കി സിനിമയുണ്ടാക്കുന്ന കഥകളും സിനിമകളെ അനുകരിച്ച് കുറ്റകൃത്യം ചെയ്യുന്നതും പതിവ് കാഴ്ചയാണ്. എന്നാല്‍ സിനിമ കാണിച്ച് കൊടുത്ത രീതിയില്‍ അന്വേഷണം നടത്തി 30 വര്‍ഷം മുമ്പുള്ള കൊലപാതക പീഡന പരമ്പരയിലെ കുറ്റവാളിയെ കണ്ടെത്തിയിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ പൊലീസ്. 

1980 കളില്‍ ദക്ഷിണ കൊറിയയിലെ സിയോളിലെ സമീപപ്രദേശമായ ഹസോങില്‍ നടന്ന പത്തോളം പീഡന കൊലപാതകങ്ങളുടെ ചുരുളാണ് മെമ്മറീസ് ഓഫ് മര്‍ഡര്‍ എന്ന സിനിമയുടെ ചുവട് പിടിച്ച് പൊലീസ് അഴിച്ചത്. 14 നും 71 നും ഇടയില്‍ പ്രായമുള്ള പത്തോളം പേരാണ് 1986നും 1990നും ഇടയില്‍ ഹസോങില്‍ നടന്നത്. 

ബുധനാഴ്ചയാണ് ഈ കൊലപാതക പരമ്പരയിലെ വില്ലനെ തിരിച്ചറിഞ്ഞതായി ദക്ഷിണ കൊറിയന്‍ പൊലീസ് വ്യക്തമാക്കിയത്. ഇയാള്‍ ഇപ്പോള്‍ ഒരു സ്ത്രീയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ തടവ് ശിക്ഷ അനുഭവിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ജങ്ജി നമ്പു പ്രൊവിന്‍ഷ്യല്‍ പൊലീസ് ഏജന്‍സിയാണ് കൊലയാളിയെ കണ്ടെത്തിയ വിവരം പുറത്ത് വിട്ടത്. 

കൊല ചെയ്യപ്പെട്ട ആളുകളുടെ ഡിഎന്‍എ സാംപിളുകള്‍ ഉപയോഗിച്ചാണ് പ്രതിയിലേക്ക് അന്വേഷണം എത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.  ഇയാളുടെ ഡിഎന്‍എ സാംപിളുകള്‍ കൊലപാതക പരമ്പരയിലെ നിരവധിക്കേസുകളുമായി ചേരുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഹസോങിലെ ഒഴിയിടത്തെുള്ള പാടശേഖരത്തിലായിരുന്നു കൊലപാതകങ്ങള്‍ നടന്നിരുന്നത്. 

2003ല്‍ പുറത്തിറങ്ങിയ മെമ്മറീസ് ഓഫ് മര്‍ഡര്‍ എന്ന കൊറിയന്‍ ചിത്രം ഈ കൊലപാതക പരമ്പരയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. കൊലയാളിയെ കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ നിന്ന് തിരിച്ചറിയാന്‍ ശ്രമിക്കുന്നതായി ചിത്രത്തില്‍ വിശദമാക്കുന്നുണ്ട്.