ഗ്യാസ് ഏജന്‍സിയിലെ ജോലിക്കാരനെന്ന വ്യാജേന വയോധികയുടെ വീട്ടില്‍ കയറിയ പ്രതി ബലാത്സംഗം ചെയ്‌തെന്നാണ് വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയത്.
ദില്ലി: ദില്ലിയിലെ (Delhi) തിലക് നഗറില്‍ 87 കാരിയായ വയോധിക ബലാത്സംഗത്തിനിരയായി (87 year old woman raped). സംഭവത്തില്‍ 30കാരനായ പ്രതിയെ (30 year old accused) ദില്ലി പൊലീസ് (Delhi Police) അറസ്റ്റ് ചെയ്തു. ഇയാള്‍ വയോധികയെ ബലാത്സംഗം ചെയ്ത ശേഷം മൊബൈല്‍ ഫോണുമായി ഞായറാഴ്ച രക്ഷപ്പെട്ടിരുന്നു. ഞായറാഴ്ച ഉച്ചക്ക് വയോധികയുടെ 65കാരിയായ മകള്‍ നടക്കാന്‍ പോയ സമയത്താണ് സംഭവം. ഗ്യാസ് ഏജന്‍സിയിലെ ജോലിക്കാരനെന്ന വ്യാജേന വയോധികയുടെ വീട്ടില്‍ കയറിയ പ്രതി ബലാത്സംഗം ചെയ്‌തെന്നാണ് വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയത്.
പടിഞ്ഞാറന്‍ ദില്ലിയിലെ സൊസൈറ്റിയില്‍ തൂപ്പുകാരനായി ജോലി നോക്കുകയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. 16 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടാന്‍ സാധിച്ചെന്നും ഇരയുടെ മൊബൈല്‍ ഫോണ്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിച്ചിരുന്നു. അതേസമയം, പൊലീസ് നടപടി വൈകിപ്പിച്ചെന്നും ആദ്യം പരാതി സ്വീകരിച്ചില്ലെന്നും വൃദ്ധയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.
മൊബൈല്‍ ഫോണ്‍ മോഷണം പോയതായി മകള്‍ ഞായറാഴ്ച പരാതി നല്‍കിയതായും മോഷണത്തിന് കേസെടുത്തതായും ദില്ലി പൊലീസ് പ്രതികരിച്ചു. പിന്നീടാണ് പരാതിക്കാരി ലൈംഗികാതിക്രമം ആരോപിച്ചത്. തുടര്‍ന്ന് എഫ്ഐആറില്‍ രേഖപ്പെടുത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തെന്നും ഇരക്ക് കൗണ്‍സിലിംഗടക്കം ആവശ്യമായ എല്ലാ സഹായവും നല്‍കിയെന്നും ദില്ലി പൊലീസ് ട്വീറ്റ് ചെയ്തു.
