ദില്ലി: മുപ്പത് വയസ് പ്രായമുള്ള യുവതിയുടെ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വടക്കൻ ദില്ലിയിലെ ബവന പ്രദേശത്താണ് പെട്ടി കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് - നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം.

ബവന പൊലീസ് സ്റ്റേഷനിൽ ഇന്ന് രാവിലെയാണ് ഇത് സംബന്ധിച്ച് വിവരം ലഭിച്ചത്. പൂത് സൊസൈറ്റി സ്റ്റാന്റിന് സമീപം കണ്ടെത്തിയ ബാഗിൽ മൃതദേഹമാണെന്നായിരുന്നു ലഭിച്ച വിവരമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ഗൗരവ് ശർമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.

വിശദമായ പരിശോധനയിലാണ് 30 വയസുള്ള യുവതിയുടേതാണ് മൃതദേഹം എന്ന വിവരം ലഭിക്കുന്നത്. വസ്ത്രം ധരിച്ച നിലയിലാണ് മൃതദേഹം. ശരീരത്തിൽ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല.

അതേസമയം വിശദമായ പരിശോധന ആവശ്യമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. മൃതദേഹം ആരുടേതാണെന്ന് അറിയാനായി ശ്രമങ്ങൾ ആരംഭിച്ചു. പൊലീസ് കേസെടുത്തു.