ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം കൊച്ചി യൂണിറ്റ് മലപ്പുറം, കോഴിക്കോട് കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിലാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്.

കൊച്ചി: ക്രിപ്റ്റോ കറൻസിയുടെ മറവിൽ കേരളത്തിലേക്ക് നടത്തിയ 300 കോടിയുടെ ഹവാല ഇടപാട് കണ്ടെത്തി. ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം കൊച്ചി യൂണിറ്റ് മലപ്പുറം, കോഴിക്കോട് കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിലാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. ഇന്തോനേഷ്യ, സൗദി കേന്ദ്രീകരിച്ചാണ് ക്രിപ്റ്റോ കറൻസികളായി സംസ്ഥാനത്തേക്ക് ഹവാല പണം എത്തിക്കുന്നത്. ഇത് പിന്നീട് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ പണമാക്കി മാറ്റുന്നു. നൂറുകണക്കിനാളുകളുടെ ബാങ്ക് അക്കൗണ്ടുകൾ അവരറിയാതെ ദുരുപയോഗം ചെയ്താണ് ഹവാല ഇടപാട് നടത്തിയത്. മലപ്പുറം സ്വദേശികളായ മുഹമ്മദാലി മാളിയേക്കൽ, റാഷിദ് എന്നിവരാണ് ഹവാല സംഘത്തെ നിയന്ത്രിക്കുന്നതെന്ന് ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം കണ്ടെത്തി. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന തുടരുകയാണ്. സ്വന്തം ആവശ്യങ്ങൾക്കല്ലാതെ കെ വൈ സി വിവരങ്ങൾ പൊതു ജനങ്ങൾ മറ്റാർക്കും കൈമാറരുതെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.

ക്രിപ്റ്റോ കറൻസിയുടെ മറവിൽ 300 കോടിയുടെ ഹവാല ഇടപാട്