അഗർത്തല: ത്രിപുരയുടെ തലസ്ഥാനത്ത് 32കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. രണ്ട് മക്കളുടെ മാതാവായ യുവതിയാണ്, രണ്ടുമാസത്തിനിടെ സംസ്ഥാനത്ത് നടന്ന രണ്ടാമത്തെ സമാന സംഭവത്തിൽ ആക്രമിക്കപ്പെട്ടത്.

ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് തിരികെ വരും വഴിയാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. യുവതിയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകി. ഒൻപത് പേർ ഭാര്യയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി. 

കുഞ്ഞിന്റെ രോഗവുമായി ബന്ധപ്പെട്ടാണ് യുവതി ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടത്. ഇതിന് ശേഷം രാത്രി ഒൻപത് മണിയോടെ ആശുപത്രിയിൽ നിന്നും ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. പരിചയക്കാരനായ വ്യക്തിയുടെ ഓട്ടോറിക്ഷയിലാണ് യുവതി കയറിയത്. എന്നാൽ ഓട്ടോറിക്ഷാ ഡ്രൈവർ യുവതിയെ നർസിംഗഡ് എന്ന സ്ഥലത്തേക്കാണ് കൊണ്ടുപോയത്. വഴിതെറ്റിച്ച് ഓടിക്കുന്നത് കണ്ട് യുവതി കാര്യം തിരക്കിയെങ്കിലും ഡ്രൈവർ നുണ പറഞ്ഞ് ഒഴിഞ്ഞുമാറി. നർസിംഗഡിലെത്തിയ ശേഷം ഒരു വാനിൽ വച്ച് ഇയാളും സുഹൃത്തുക്കളും യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

രാത്രി 11.30 യ്ക്ക് സർക്യൂട്ട് ഹൗസ് പ്രദേശത്ത് ഇവർ യുവതിയെ ഉപേക്ഷിച്ചു. സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ ബർണാലി ഗോസ്വാമി യുവതിയെ സന്ദർശിച്ചു. ഇവരിപ്പോൾ ത്രിപുര മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അഗർത്തലയുടെ പ്രാന്ത പ്രദേശത്ത് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ആഗസ്റ്റിലാണ് രണ്ട് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്.