ഒറിജിനലിനെ വെല്ലുന്ന വ്യാജ ഉരുപ്പടികൾ നിർമിച്ചായിരുന്നു തട്ടിപ്പ്. കട്ടപ്പന, കുമളി, അണക്കര, തമിഴ്നാട്ടിലെ കമ്പം എന്നീ സ്ഥലങ്ങളിലാണ് പ്രതികൾ തട്ടിപ്പിനായി സ്വർണം പണയം വച്ചത്.

ഇടുക്കി: ഒറിജിനലിനെ വെല്ലുന്ന മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടുന്ന സംഘത്തിലെ നാല് പേർ പിടിയിൽ. കട്ടപ്പന സ്വദേശികളായ കാഞ്ചിയാർ പാലാക്കട പുത്തൻപുരയ്ക്കൽ റൊമാറിയോ (29), മുളകരമേട് പാന്തേഴാത്ത് ശ്യാംകുമാർ(33), പേഴുംകവല പ്രസീദ് ബാലകൃഷ്ണൻ (38), അണക്കര അരുവിക്കുഴി സിജിൻ മാത്യു (30) എന്നിവരാണ് അറസ്റ്റിലായത്. ഇടുക്കിയിലെയും തമിഴ്നാട്ടിലെയും വിവിധ സ്ഥാപനങ്ങളിൽ മുക്കുപണ്ടംപണയം വച്ചാണ് ഇവര്‍ ലക്ഷങ്ങൾ തട്ടിയെടുത്തത്. 

ഒറിജിനലിനെ വെല്ലുന്ന വ്യാജ ഉരുപ്പടികൾ നിർമിച്ചായിരുന്നു തട്ടിപ്പ്. കട്ടപ്പന, കുമളി, അണക്കര, തമിഴ്നാട്ടിലെ കമ്പം എന്നീ സ്ഥലങ്ങളിലാണ് പ്രതികൾ തട്ടിപ്പിനായി സ്വർണം പണയം വച്ചത്. ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നാളുകളായി പ്രതികളെ കട്ടപ്പന ഡിവൈ.എസ്.പി. വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നിരീക്ഷിച്ചു വരികയായിരുന്നു.

അടിമാലി സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാളെ അടിമാലി പൊലീസ് പിടികൂടിയത് മെയ് ആദ്യവാരമായിരുന്നു. മൂന്നു ലക്ഷത്തിനടുത്ത് രൂപയാണ് രണ്ട് പ്രാവശ്യമായി ഇയാൾ തട്ടിപ്പിലൂടെ നേടിയത്. അടിമാലി 200 ഏക്കർ മരോട്ടിക്കുഴിയിൽ ഫിലിപ്പ് തോമസ് (63) ആണ് അടിമാലി പൊലീസിന്റെ പിടിയിലായത്. രണ്ട് തവണകളായി മൂന്നുലക്ഷത്തിനടുത്ത് തുകയാണ് ഇയാൾ സഹകരണ ബാങ്കിൽ നിന്നും മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ് നടത്തിയത്. 

പ്രതി ആറര പവൻ ആഭരണം പണയപ്പെടുത്തി 2 ലക്ഷം രൂപ കൈക്കലാക്കിയ ശേഷം പുറത്തേക്കിറങ്ങിയപ്പോള്‍ സംശയം തോന്നിയ ബാങ്ക് ജീവനക്കാർ ആഭരണങ്ങൾ പരിശോധിച്ചതോടെ മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്. ഉടൻ ഇയാളെ തടഞ്ഞുനിർത്തിയശേഷം ബാങ്ക് ജീവനക്കാര്‍ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പിടിയിലായതോടെ മുൻപ് ഇതേ ബാങ്കിൽ നടത്തിയ പണയ ഇടപാട് പരിശോധിച്ചപ്പോൾ 93000 രൂപ തട്ടിയതും മുക്കുപണ്ടം പണയം വെച്ചാണെന്ന് തെളിഞ്ഞു. ഇതോടെ ബാങ്ക് സെക്രട്ടറിയുടെ പരാതിയെ തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
മുക്കുപണ്ടം പകരം വച്ച് അമ്മൂമ്മയുടെ സ്വർണമാല മോഷ്ടിച്ചു; ചെറുമകനെ കൈയോടെ പൊക്കി പൊലീസ്

YouTube video player