മുംബൈ: മഹാരാഷ്ട്രയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗ ശ്രമത്തിനിടെ കൊന്നു. മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്ത് കൽമേശ്വറിലാണ് ക്രൂരകൃത്യം നടന്നത്. സംഭവത്തില്‍ 32കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് കുഞ്ഞിനെ കാണാതായത്. ഇന്നലെ വൈകിട്ടാണ് മൃതദേഹം പാടത്ത് നിന്നാണ് കണ്ടെത്തിയത്. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഉത്തർപ്രദേശിലെ ഉന്നാവിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ പ്രതികൾ ചുട്ടെരിച്ച് കൊന്ന സംഭവം രാജ്യവ്യാപക പ്രതിഷേധത്തിന് കളമൊരുക്കിയിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുക തന്നെയാണ്. ഇതിനിടെ, ഉന്നാവിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയെ പ്രതികൾ ചുട്ടെരിച്ച് കൊന്ന സംഭവത്തിൽ ആറ് പൊലീസുകാർക്ക് സസ്പെൻഷൻ. ഭാടിൻ ഖേഡായ്ക്ക് അടുത്തുള്ള ബീഹാർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് സസ്പെൻസ് ചെയ്തത്. ഇവരിൽ രണ്ട് പേർ ഇൻസ്പെക്ടർമാരും മൂന്ന് പേർ കോൺസ്റ്റബിൾമാരുമാണ്.

ഉന്നാവിലെ 23 കാരിയെ പ്രതികൾ മുമ്പും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി കൊല്ലപ്പെട്ട യുവതിയുടെ അച്ഛൻ വെളിപ്പെടുത്തിയിരുന്നു. പ്രതികളായ ശിവം ത്രിവേദി, അച്ഛൻ ഹരിശങ്കർ ത്രിവേദി, ബന്ധുക്കളായ ശുഭം ത്രിവേദി, റാം കിഷോർ, ഉമേഷ്‌ എന്നിവർ കൊല്ലുമെന്ന് മുമ്പും വീട്ടിലെത്തി ഭീഷണി മുഴക്കിയെന്ന് കൊല്ലപ്പെട്ട യുവതിയുടെ അച്ഛൻ പറഞ്ഞു.  ഇക്കാര്യങ്ങൾ പൊലീസിനെ അറിയിച്ചിട്ടും സംരക്ഷണം നൽകിയില്ലെന്നും ഇദ്ദേഹം പറഞ്ഞു.