കൊല്ലം: കൊല്ലം കടയ്ക്കലില്‍ ഭിന്നശേഷിക്കാരിയായ പതിനഞ്ചുകാരിയെ അമ്പത്തിയേഴുകാരന്‍ പീഡിപ്പിച്ചെന്ന് പരാതി. പൊലീസ് കേസെടുത്തതോടെ കുറ്റാരോപിതന്‍ നാടുവിട്ടു. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കി.

മാതാപിതാക്കള്‍ ജോലിക്കു പോകുന്ന സമയത്താണ് കടയ്ക്കല്‍ സ്വദേശിനിയും ദളിത് കുടുംബത്തിലെ അംഗവുമായ ഭിന്നശേഷിക്കാരിയായ കുട്ടി പീഡനത്തിന് ഇരയായത്. കഴിഞ്ഞ ദിവസം കുട്ടിയെ അമ്മ കുളിപ്പിക്കുന്നതിടെ ശരീരമാസകലം പാടുകള്‍ കണ്ടെത്തി. തുടര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ വിശദപരിശോധന നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

കൗണ്‍സിലിംഗിന് വിധേയമാക്കിയതോടെയാണ് സമീപവാസിയായ അമ്പത്തിയേഴുകാരന്‍റെ പേര് കുട്ടി പറഞ്ഞത്. പൊലീസ് കേസെടുത്തെന്നറിഞ്ഞതോടെ ഇയാള്‍ നാടുവിടുകയായിരുന്നു. കുട്ടിയുടെ മൊഴി മജിസ്ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തി. കുറ്റാരോപിതനായ അമ്പത്തിയേഴുകാരനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.