അലഹബാദ്: 12 മണിക്കൂറിനുള്ളില്‍ നടന്ന ആറ് കൊലപാതകങ്ങള്‍ അലഹബാദ് നഗരത്തെ ഞെട്ടിച്ചു. ദമ്പതികളടക്കമുള്ളവരാണ് ചെറിയ ഇടവേളകളില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. കൊലപാതകങ്ങളെ തുടര്‍ന്ന് അലഹബാദ് എസ്എസ്പി അതുല്‍ ശര്‍മയെ സംസ്ഥാന സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. ശര്‍മക്ക് പകരം സത്യാര്‍ത്ഥ് അനിരുദ്ധ് പങ്കജ് ചുമതലയേറ്റു. ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില പൂര്‍ണമായി തകര്‍ന്നിരിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. 

ആറുപേരും വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് ദുരൂഹത വര്‍ധിപ്പിക്കുന്നു. തിങ്കളാഴ്ച അതിരാവിലെ ദമ്പതികള്‍ ഹസന്‍പുര്‍ കൊരാരി ഗ്രാമത്തില്‍ കൊല്ലപ്പെട്ടു. ധൂമന്‍ഗഞ്ചിലെ ചൗഫത്ക പ്രദേശത്ത് മൂന്ന് പേരെയും വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ ഞായറാഴ്ച അര്‍ധരാത്രിയോടെ കണ്ടെത്തി. അലഹാപുര്‍ ജോര്‍ജ്ടൗണില്‍ 27 വയസ്സായ യുവാവ് ഞായറാഴ്ച രാത്രി കൊല്ലപ്പെട്ടു. ഇയാളെ പ്രദേശത്തെ കൊടുംക്രിമിനലാണ് വെടിവെച്ച് കൊന്നത്. ഇതാണ് കൊലപാതക പരമ്പരയിലെ ആദ്യ സംഭവം.

പിന്നീടാണ് മറ്റുള്ളവര്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ശക്തമായ ആരോപണമുയര്‍ന്നു. പ്രാഥമിക അന്വേഷണത്തിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലും പൊലീസിന് വീഴ്ച പറ്റിയെന്ന് വ്യക്തമായി. സംഭവത്തില്‍ പൊലീസുകാരും നിരീക്ഷണത്തിലാണ്. ധൂമന്‍ഗഞ്ചിലെയും രജ്രുപുരിലെയും സബ് ഇന്‍സ്പെക്ടര്‍മാരെയും സസ്പെന്‍ഡ് ചെയ്തു. സംഭവം അറിഞ്ഞിട്ടും ജോര്‍ജ് ടൗണ്‍ പൊലീസ് കുറ്റവാളിക്കെതിരെ നടപടിയെടുത്തില്ലെന്നും ആരോപണമുയര്‍ന്നു.