ഹൈദ​രാബാദ്: ലൈം​ഗികബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചെന്നാരോപിച്ച് യുവതി നൽകിയ പരാതിയിൽ അറുപത്തിനാലുകാരനെ പൊലീസ്  അറസ്റ്റ് ചെയ്തു. സോമാജി​ഗുഡ സ്വദേശിയായ സുരപ്പ രാജുവിനെ വ്യാഴാഴ്ചയാണ് ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. വാടക ​ഗർഭധാരണത്തിനെത്തിയ യുവതിയുടെ പരാതിയിലാണ് സുരപ്പ രാജുവിനെതിരെ പൊലീസ് കേസെടുത്തത്.

കഴിഞ്ഞ ഡിസംബറിൽ ഒരു ഏജന്റ് വഴിയാണ് താൻ രാജുവിനെ പരിചയപ്പെടുന്നതെന്ന് യുവതി പരാതിയിൽ പറഞ്ഞു. വാടക ഗർഭധാരണത്തിനാണ് രാജു തന്നെ സമീപിച്ചത്. കുഞ്ഞിനെ പ്രസവിക്കുന്നതിന് നാലര ലക്ഷം രൂപയാണ് രാജു വാ​ഗ്‍ദാനം ചെയ്തിരുന്നത്. കൂടാതെ മാസം പത്തായിരം രൂപ ചെലവിനും നൽകാമെന്നും അയാൾ ഉറപ്പുനൽകിയിരുന്നു. സാമ്പത്തിക ബാധ്യതയുള്ളതിനാൽ രാജുവിന്റെ വാഗ്‌ദാനം ഇരുകയ്യുംനീട്ടി സ്വീകരിക്കുകയായിരുന്നുവെന്നും യുവതി കൂട്ടിച്ചേർത്തു.

എന്നാൽ, കുറച്ച് മാസം കഴിഞ്ഞപ്പോഴേക്കും രാജുവിന്റെ നിലപാട് മാറാൻ തുടങ്ങി. വാടക​ ഗർഭധാരത്തിലൂടെയല്ലാതെ തന്റെ കുഞ്ഞിന് ജന്മം നൽകണമെന്ന് രാജു യുവതിയോട് ആവശ്യപ്പെട്ടു. ഇതിനായി തനിക്കൊപ്പം ലൈം​ഗികബന്ധത്തിലേർപ്പെടണമെന്നാവശ്യപ്പെട്ട് രാജു നിരന്തരം യുവതി ശല്യപ്പെടുത്താനും തുടങ്ങി. ഇതിന് പിന്നാലെ ഫെബ്രുവരി 17ന് ക്ഷേത്രത്തിൽ പോകുന്നതിനിടെ തനിക്കൊപ്പം ലൈംഗിക ബന്ധത്തിലേർപ്പെടാൻ വീണ്ടും രാജു യുവതിയെ നിർബന്ധിച്ചു. തരാമെന്ന് ഏറ്റ പണത്തിനൊപ്പം 50000 രൂപ കൂടി അധികം നൽകാമെന്നും രാജു യുവതിയോട് പറ‍ഞ്ഞ‌ു.

രാജുവിന്റെ ഈ വാ​ഗ്‍ദാനം യുവതി ആദ്യം സ്വീകരിച്ചെങ്കിലും പിന്നീട് നിരസിക്കുകയായിരുന്നു. ഭർത്താവ് അറിയുമെന്ന പേടിയായിരുന്നു അതിന് കാരണം. തുടർന്ന്, രാജുവിൽനിന്ന് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് അന്നേദിവസം തന്നെ യുവതി ഭർത്താവിനെ അറിയിച്ചു. തുടർന്ന് പൊലീസ് പരാതി നൽകുകയുമായിരുന്നുവെന്ന് ഹൈദരാബാദ് പൊലീസ് പറഞ്ഞു. വിവാഹിതനായ രാജു ഹൈദരാബാദിലും ഭാര്യ സോമാജി​ഗുഡയിലുമാണ് താമസം. ഇവർക്ക് മൂന്ന് പെൺമക്കളാണുള്ളത്. മൂന്ന് പേരും വിവാഹിതരാണ്.