ബാഗ്പട്ട്: ഉത്തർപ്രദേശിലെ ബാഗ്പട്ട് ജില്ലയില്‍ ശ്മശാനങ്ങളില്‍ കയറി ശവശരീരത്തിൽ നിന്ന് വസ്ത്രങ്ങൾ മോഷ്ടിക്കുന്ന സംഘം അറസ്റ്റിലായി. മരിച്ചവരെ പുതപ്പിക്കാൻ ഉപയോഗിക്കുന്ന തുണിയും, അവരുടെ വസ്ത്രങ്ങളും ആണ് ഇവർ ശ്മശാനങ്ങളിൽ നിന്നും ഏഴുപേര്‍ അടങ്ങിയ സംഘം മോഷ്ടിച്ചതെന്നാണ് പൊലീസ് പറയുന്നത്.

അവർ ബെഡ്ഷീറ്റുകൾ, സാരികൾ, വസ്ത്രങ്ങൾ എന്നിവ ശ്മശാനങ്ങളിൽ നിന്നും മോഷ്ടിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കണ്ടെടുത്ത വസ്തുക്കളിൽ 520 ബെഡ്ഷീറ്റുകൾ, 127 കുർത്തകൾ, 52 വെള്ള സാരികൾ, മറ്റ് വസ്ത്രങ്ങൾ എന്നിവ ഉൾപ്പെടുന്നതായും സർക്കിൾ ഓഫീസർ അലോക് സിംഗിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

അറസ്റ്റിലായ ഏഴു പേരിൽ മൂന്നുപേർ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. കഴിഞ്ഞ10 വർഷത്തോളമായി ഇവർ മോക്ഷണത്തിൽ ഏർപ്പെട്ടിരുന്നു എന്നാണ് പൊലീസ് അറിയിക്കുന്നത്. മോഷണത്തിന് മാത്രമല്ലാതെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ഇവർക്കെതിരെ കേസെടുക്കുമെന്ന് അലോക് സിംഗ് പറഞ്ഞു.

മോഷ്ടിച്ച തുണിത്തരങ്ങൾ കഴുകിയെടുത്ത് ഇസ്തിരിയിട്ട ശേഷം, കമ്പനി ലേബലിൽ വീണ്ടും ഇവര്‍ വിറ്റിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ ചില വസ്ത്ര വ്യാപാരികൾ ഇവര്‍ മോഷ്ടിച്ച വസ്ത്രങ്ങള്‍ വാങ്ങിവിറ്റിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കവർച്ച മുതലിന് 300 രൂപയോളം നല്‍കിയാണ് ഈ വ്യാപാരികള്‍ വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona