പത്തനംതിട്ടയിൽ 75കാരിയായ പൊന്നമ്മ തോമസിനെ കൊലപ്പെടുത്തിയ കേസിൽ മകൻ ടിജോ തോമസും സുഹൃത്തും അറസ്റ്റിൽ. വീട്ടിലെ വഴക്കിനിടെ തടസ്സം പിടിക്കാൻ ചെന്ന അമ്മയെ മകൻ കൊലപ്പെടുത്തുകയായിരുന്നു. സാധാരണ മരണമെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം പോസ്റ്റ്മോർട്ടം റിപ്പോർട്ടോടെ പരാജയപ്പെട്ടു.
പത്തനംതിട്ട: 75 കാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. 24 മണിക്കൂറിനുള്ളിൽ പത്തനംതിട്ട കോയിപ്രം പൊലീസാണ് കൊലക്കേസിന്റെ ചുരുളഴിച്ചത്. പൊന്നമ്മ തോമസ് എന്ന വയോധികയാണ് മരിച്ചത്. സ്വന്തം മകൻ ടിജോ തോമസ്, ടിജോയ്ക്ക് ഒപ്പം ഒരേ വീട്ടിൽ താമസിച്ചിരുന്ന 37 കാരിയായ റിൻസി മോൾ എന്നിവരാണ് കേസിലെ പ്രതികൾ. കഴിഞ്ഞ ദിവസം ടിജോയും 37കാരിയും വീട്ടിൽ വഴക്കുണ്ടായി. ഇതിനിടെ തടസ്സം പിടിക്കാൻ എത്തിയതാണ് പൊന്നമ്മ. തുടർന്ന് ടിജോ പൊന്നമ്മയുടെ നെഞ്ചിൽ തൊഴിക്കുകയും ശ്വാസംമുട്ടിക്കുകയും ശരീരമാസകലം ഇടിക്കുകയും ചെയ്തു. സാധാരണ മരണമെന്ന് ചിത്രീകരിക്കാനുള്ള ശ്രമം പോസ്റ്റ്മോർട്ടത്തിലൂടെ പൊളിഞ്ഞു.
ചൊവ്വാഴ്ച പോലീസിന് ലഭിച്ച ഒരു അജ്ഞാത ഫോൺ സന്ദേശത്തിൽ നിന്നാണ് സംഭവ പരമ്പരകളുടെ തുടക്കം. ഫോൺ സന്ദേശം ലഭിച്ച ഉടനെ ആശുപത്രിയിലെത്തി മൃതശരീരം കണ്ട കോയിപ്പുറം എസ്.ഐ പങ്കജ് കൃഷ്ണ, കോയിപ്പുറത്തിന്റെ ചാർജ് ഉള്ള കീഴ്വായ്പൂർ സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ ജി എന്നിവർക്ക് ആദ്യം തന്നെ അസ്വാഭാവികകൾ തോന്നി.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ഉടൻതന്നെ ഒരു പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തിരുവല്ല ഡിവൈഎസ്പി പിആർ സന്തോഷിനായിരുന്നു മേൽനോട്ട ചുമതല. സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ ജി, എസ്ഐ പങ്കജ് വി കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം നടപടികൾ കൃത്യതയോടെ പൂർത്തിയാക്കി. കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് പോലീസ് സർജൻ ഡോക്ടർ അശ്വതി ആയിരുന്നു പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടം പരിശോധനയിൽ ലഭിച്ച വിവരങ്ങൾ കേസിൽ വളരെ നിർണായകമായി
മരണപ്പെട്ട പൊന്നമ്മ തോമസിനോട് ഒപ്പം താമസിച്ചിരുന്ന മകൻ ടിജോ തോമസ് (37) ലേക്ക് അന്വേഷണം എത്തി. ഇയാളോടൊപ്പം താമസിച്ചിരുന്ന കൊല്ലം കാവനാട് സ്വദേശി റിൻസി മോൾ (37) നെയും കൂടുതൽ ചോദ്യം ചെയ്തപ്പോൾ ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങളാണ് ലഭിച്ചത്.
ടിജോ തോമസ് ഭാര്യയുമായി പിണങ്ങി കഴിയുകയാണ്. ആറുമാസത്തിലധികമായി റിൻസി മോൾ ഇയാളോടൊപ്പമാണ് താമസിക്കുന്നത്. ഇവർ തമ്മിൽ കഴിഞ്ഞ തിങ്കളാഴ്ച രാത്രി നടന്ന വഴക്കിനിടെ തടസ്സം പിടിക്കാൻ എത്തിയ ടിജോയുടെ അമ്മ പൊന്നമ്മ തോമസിനെ ടിജോ നെഞ്ചിൽ തൊഴിക്കുകയും ശ്വാസംമുട്ടിക്കുകയും ശരീരമാസകലം ഇടിക്കുകയും ചെയ്ത് കൊലപ്പെടുത്തിയതാണ് എന്ന വിവരം വെളിവായത്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം രണ്ട് പ്രതികളെയും വിശദമായി ചോദ്യം ചെയ്തതിൽ ഇരുവരും കുറ്റം സമ്മതിച്ചു.
ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്‍സിപിഒമാരായ ഷെബാന അഹമ്മദ്, സുരേഷ്, വിപിൻരാജ്, അഭിലാഷ് സിപിഒമാരായ മനൂപ്, അനന്തു, രഞ്ജിത്, സുജിത്ത് എന്നിവരും അടങ്ങുന്നതായിരുന്നു അന്വേഷണ സംഘം. വളരെ മികച്ച രീതിയിൽ അന്വേഷണം നടത്തുകയും വളരെ വേഗം പ്രതികളെ കണ്ടെത്തുകയും ചെയ്ത അന്വേഷണ സംഘത്തെ ജില്ലാ പൊലീസ് മേധാവി അഭിനന്ദിച്ചു.
