വാറങ്കല്‍(തെലങ്കാന): ബലാത്സംഗ ശ്രമത്തിനിടെ ഒമ്പതുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. തെലങ്കാനയിലെ വാറങ്കലിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. മാതാപിതാക്കളോടൊപ്പം വീടിന്‍റെ ടെറസില്‍ കിടന്നുറങ്ങുന്നതിനിടെയാണ് കുഞ്ഞിനെ കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. സംഭവത്തില്‍ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞ് ഉണര്‍ന്ന് കരയാന്‍ തുടങ്ങിയതോടെ ഇയാള്‍ വായും മൂക്കും അമര്‍ത്തിപ്പിടിച്ചതിനെ തുടര്‍ന്ന് ശ്വാസം മുട്ടി കുട്ടി മരിച്ചു.

കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസും കുടുംബവും നടത്തിയ തിരച്ചിലില്‍ പ്രതിയുടെ കൈയ്യില്‍നിന്ന് കുട്ടിയെ കണ്ടെത്തി. ആശുപത്രിയിലെത്തും മുമ്പേ കുട്ടി മരിച്ചെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രതിക്കെതിരെ കൊലപാതകക്കുറ്റവും പോക്സോയും ചുമത്തി. ഇയാളെ ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നത് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് അറിയിച്ചു.